പഴയകാല നടി ഉണ്ണി മേരിയെ കുറിച്ച് മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മുഹമ്മദ് സഗീർ പണ്ടാരത്തിൽ എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഇന്ന് നടി ഉണ്ണിമേരിയുടെ ജന്മദിനം. 1962 മാർച്ച് 12 ആം തിയതി അഗസ്റ്റിൻ ഫെർണ്ടാണസിന്റെയും വിക്ടോറിയയുടെയും മകളായി ദീപ എന്ന ഉണ്ണിമേരി എറണാകുളത്ത് ജനിച്ചു.
പി. ഭാസ്കരൻ സംവിധാനം ചെയ്ത് 1971 ൽ പുറത്തിറങ്ങിയ നവവധു എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച് തുടങ്ങിയ ഉണ്ണിമേരി 1972 ൽ ശ്രീ ഗുരുവായൂരപ്പൻ എന്ന ചിത്രത്തിൽ കൃഷ്ണനായി അഭിനയിച്ചു. അക്കാലത്ത് ഉണ്ണിമേരി ബേബി കുമാരിയെന്ന പേരിലാണ് ചിത്രങ്ങളിൽ അഭിനയിച്ചിരുന്നത്. ശശി കുമാർ സംവിധാനം ചെയ്ത് 1975 ൽ പുറത്തിറങ്ങിയ പിക്നിക് എന്ന ചിത്രത്തിൽ വിൻസെന്റിന്റെ നായികയായി അഭിനയിച്ച ഇവർ അതേ വർഷം തന്നെ പ്രേം നസീർ നായകനായ അഷ്ടമിരോഹിണി എന്ന ചിത്രത്തിൽ നായികയായി.
എറണാകുളം സെന്റ് തെരേസാസിൽ നിന്നും കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയ ഉണ്ണിമേരി എറണാകുളം സെന്റ് ആൽബർട്സ് കോളേജ് ഇംഗീഷ് അദ്ധ്യാപകനായിരുന്ന റിജോയിയുമായി 1982 ൽ തന്റെ ഇരുപതാം വയസ്സിൽ വിവാഹിതയായി. തുടർന്ന് പിക്നിക്, ധീര സമീരേ യമുനാ തീരേ, റോഷ്നി, അച്ചാരം അമ്മിണി, ഓശാരം ഓമന, കണ്ണപ്പനുണ്ണി, മിനിമോൾ, പെൺപുലി, തച്ചോളി അമ്പു, മുക്കുവനെ സ്നേഹിച്ച ഭൂതം, അവൾ വിശ്വസ്തയായിരുന്നു, സൂത്രക്കാരി, ശത്രുസംഹാരം, ആനക്കളരി, ജീവിതം ഒരു ഗാനം, മോചനം.
ഹൃദയത്തിന്റെ നിറങ്ങൾ, പാലാട്ടു കുഞ്ഞിക്കണ്ണൻ, സഞ്ചാരി, നാഗമറ്റത്തു തമ്പുരാട്ടി, നാഗരാജ്ഞി, ഒരു തിര പിന്നെയും തിര, ഇന്നല്ലെകിൽ നാളെ, ബെൽറ്റ് മത്തായി എന്നിങ്ങനെയുള്ള ഒരു പിടി മലയാള ചിത്രങ്ങളിൽ നായികയായി അഭിനയിച്ചു. അക്കാലത്ത് തന്നെ അന്തരംഗം എന്ന സിനിമയിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ച ഉണ്ണിമേരി ജാണി, മുന്താണൈ മുടിച്ച് എന്നിങ്ങനെയുള്ള തമിഴ് സിനിമകളിലും തെലുങ്ക് സിനിമകളിലും അഭിനയിച്ചു.
തമിഴിൽ രജനീകാന്തിന്റെയും കമലഹാസന്റേയും തെലുഗിൽ ചിരഞ്ജീവിയുടേയും നായികയായി അഭിനയിച്ച ഉണ്ണിമേരി തമിഴിൽ സജീവമായിരുന്ന കാലത്ത് യൂത്ത് കോൺഗ്രസിന്റെ കൾച്ചറൽ വിങ് പ്രസിഡന്റായി നിയമിതയായി. തുടർന്ന് മധുരയിൽ നിന്നും പാർലമെന്റിലേക്കു മത്സരിക്കാൻ അവസരം ലഭിച്ചെങ്കിലും അവസാനം മലയാളിയായതിനാൽ ഒഴിവാക്കപ്പെട്ടു. ഇതേ തുടർന്ന് ഇവർ രാഷ്ട്രീയം ഉപേക്ഷിച്ചു. ഇപ്പോൾ ഇവർ ഭര്‍ത്താവ്, മകൻ, മരുമകള്‍, പേരക്കുട്ടി എന്നിവർക്കൊപ്പം എറണാകുളത്തെ കലൂരിലാണ് താമസിക്കുന്നത് എന്നുമാണ് പോസ്റ്റ്.