സ്വിഗ്ഗി ഡെലിവെറി ബാഗുമായി നടക്കുന്ന ബുർഖ ധരിച്ച സ്ത്രീ ആരാണെന്ന് അറിയാമോ


കഴിഞ്ഞ ദിവസം ആണ് സ്വിഗി ഡെലിവറി ബാഗുമായി നടക്കുന്ന ബുർഖ ധരിച്ച ഒരു സ്ത്രീയുടെ ചിത്രം  സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. ട്വിറ്ററിൽ ആണ് ആദ്യം ഈ ചിത്രം പ്രത്യക്ഷപ്പെടുന്നത്. എന്നാൽ അതിനു പിന്നാലെ ആണ് ഇങ്ങനെ നടന്നു സ്വിഗി ഡെലിവറി ചെയ്യുമോ എന്നും ആരാണ് ഈ സ്ത്രീ എന്നുമൊക്കെ ഉള്ള ചോദ്യങ്ങൾ ഉയരാൻ തുടങ്ങിയത്. ഇപ്പോഴിതാ ഈ ചിത്രത്തിനെ കുറിച്ച് വേൾഡ് മലയാളി സർക്കിൾ എന്ന ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നത്.

അനീഷ് ബാബു ടി കെ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, സ്വിഗ്ഗി ഡെലിവറി ബാഗുമായി നടക്കുന്ന ബുർഖ ധരിച്ച സ്ത്രീയുടെ ഫോട്ടോ ആരോ എടുത്ത് ട്വീറ്റ് ചെയ്തു, അത് 2-3 ദിവസം മുമ്പ് വൈറലായി. സോഷ്യൽ മീഡിയകളിൽ അത് കൗതുകം ഉണ്ടാക്കി, സ്വിഗ്ഗി അങ്ങിനെ കാൽനടയായി ഫുഡ്‌ ഡെലിവറി നടത്തുമോ ഇല്ലയോ എന്നൊക്കെ സംശയവും ചോദ്യങ്ങളും ഉണ്ടായി.

ഒരു വെബ് പോർട്ടൽ ഒരു ദിവസം മുഴുവൻ ലക്‌നോവിൽ കൂടെ കറങ്ങി നടന്ന് ആളെ കണ്ടു പിടിച്ചു. റിസ്‌വാന എന്നാണ് പേര്. ലക്‌നോവിലെ ജനത നഗരി എന്ന സ്ഥലത്ത് ഒരു ചെറിയ മുറിയിൽ താമസിക്കുന്നു. തന്റെയും മൂന്ന് മക്കളുടെയും ജീവിതം കഴിച്ചു കൂട്ടാൻ അധ്വാനിക്കുന്നു. 23 വർഷം മുമ്പ് വിവാഹം കഴിച്ചു, ഭർത്താവ് ഓട്ടോറിക്ഷ ഓടിക്കുകയായിരുന്നു.

ഏതാനും വർഷം മുമ്പ് ഓട്ടോറിക്ഷ മോഷണം പോയി, അതോടെ മാനസികമായി തകർന്ന ഭർത്താവ് മൂന്ന് വർഷം മുമ്പ് കുടുംബത്തെ ഉപേക്ഷിച്ച് പോയി. എവിടെയെന്ന് ആർക്കും അറിയില്ല. റിസ്‌വാന രാവിലെയും വൈകുന്നേരവും വീടുകളിൽ ജോലി ചെയ്ത് മാസം 1500 രൂപ ഉണ്ടാക്കുന്നു, ബാക്കിയുള്ള സമയം തെരുവ് ചായക്കടകളിൽ ഡിസ്പോസബിൾ കപ്പുകൾ വിതരണം ചെയ്യുന്ന ജോലിയാണ് ചെയ്യുന്നത്.

അതിൽ നിന്ന് മാസം 6000 രൂപ വരുമാനം ഉണ്ടാക്കും. ദിവസം 25 കിലോമീറ്ററോളം നടന്നാണ് ഈ ജോലി ചെയ്യുന്നത്. 4 മക്കൾ ഉണ്ട്, ഒരുവിധം കഷ്ടപ്പെട്ട് മൂത്ത മകളുടെ വിവാഹം നടത്തി. താഴെ രണ്ട് പെണ്മക്കളും ഒരു ആൺകുട്ടിയും ഉണ്ട്. സ്വിഗ്ഗിയിൽ അല്ല ജോലി. സ്വിഗ്ഗി ബാഗ് 50 രൂപക്ക് വാങ്ങിയതാണ്, അതിലാണ് ഗ്ലാസുകളുടെ പാക്കറ്റുകൾ നിറച്ച് നടന്ന് വിൽക്കുന്നത് എന്നുമാണ് പോസ്റ്റ്.