വിവാഹ ശേഷം തിരിച്ചെത്തിയ എനിക്ക് ലഭിച്ചത് മുഴുവൻ അങ്ങനെയുള്ള വേഷങ്ങൾ ആയിരുന്നു

തെന്നിന്ത്യന്‍ സിനിമയില്‍ ഒരു കാലത്ത് തിളങ്ങി നിന്ന നടിയായിരുന്നു സുഹാസിനി. മലയാളത്തില്‍ ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങളിലേക്ക് എത്തിയ സുഹാസിനി ഇടക്കാലത്ത് സിനിമയില്‍ നിന്നും മാറി നിന്നിരുന്നുവെങ്കിലും അമ്മ വേഷങ്ങളിലൂടെയും മറ്റും തിരിച്ച് വരവ് നടത്തിയിരുന്നു. മലയാളത്തില്‍ ടൊവിനോ തോമസ് നായകനായി അഭിനയിച്ച അബിയുടെ കഥ അനുവിന്റെയും ആയിരുന്നു സുഹാസിനി അഭിനയിച്ച് അവസാനമിറങ്ങിയ മലയാള ചിത്രം.

ഇപ്പോൾ വിവാഹ ശേഷം തിരിച്ചു വന്ന തനിക്ക് ലഭിച്ചത് മുഴുവൻ ‘അമ്മ വേഷങ്ങൾ ആയിരുന്നു എന്ന് പറയുകയാണ് താരം. താരം പറഞ്ഞത് ഇങ്ങനെ, വിവാഹ ശേഷം തിരിച്ചു വന്നപ്പോള്‍ പ്രായം ചെന്ന അമ്മ വേഷങ്ങള്‍ മാത്രമേ എന്നെ തേടി എത്തിയുള്ളൂ. കൂടെ അഭിനയിച്ചിരുന്ന താരങ്ങള്‍ ഇന്നും പ്രായം കുറഞ്ഞ നായികമാരുടെ നായകന്‍മാരായി വിലസുകയാണെന്നാണ് സുഹാസിനി പറഞ്ഞത്. മലയാളത്തിലെ എന്റെ നല്ല രണ്ട് സുഹൃത്തുക്കള്‍ ആയിരുന്നു മമ്മൂട്ടിയും മോഹന്‍ലാലും. ഞാന്‍ തമിഴനെ കല്ല്യാണം കഴിച്ചാല്‍ മലയാളത്തില്‍ സുഹാസിനി എന്ന നടിയെ നഷ്ടമാകും എന്ന് മമ്മൂട്ടി പറഞ്ഞിരുന്നു. മോഹന്‍ലാലുമായും നല്ല സൗഹൃദബന്ധമുണ്ടായിരുന്നു.എന്റെ വിവാഹം കഴിഞ്ഞതോടെ ആ അടുപ്പമൊക്കെ പോയി അവരുടെ നായിക ആയി അഭിനയിക്കാനും കഴിയുന്നില്ല. അതേസമയം, തെലുങ്കിലും കന്നഡത്തിലും ഇപ്പോഴും തനിക്ക് നല്ല കഥാപാത്രങ്ങള്‍ ലഭിക്കുന്നുണ്ടെന്നും താരം പറഞ്ഞിരുന്നു. ആദ്യകാലത്ത് മമ്മൂട്ടിയെയും സുഹാസിനിയെയും ചേര്‍ത്ത് ധാരാളം ഗോസിപ്പുകള്‍ സിനിമാ വാരികകളില്‍ വന്നിരുന്നു. കുറച്ചധികം ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചതിന് ശേഷമായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്.

തമിഴ് സിനിമയിലെ പ്രമുഖ നടനായ ചാരുഹാസന്റെ മകളായി ജനിച്ച സുഹാസിനിയുടെ സിനിമയിലേക്കുള്ള വരവ് അതിവേഗമായിരുന്നു. സിന്ധു ഭൈരവി എന്ന സിനിമയിലൂടെ 1986 ല്‍ ദേശീയ പുരസ്‌കാരം നേടിയ സുഹാസിനി സംവിധായകന്‍ മണിരത്‌നത്തെയായിരുന്നു വിവാഹം കഴിച്ചത്. നടി എന്ന ലേബലില്‍ നിന്നും സംവിധാനത്തിലും നിര്‍മാണത്തിലും സുഹാസിനി ചുവടുറപ്പിച്ചിരുന്നു. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നിങ്ങനെ തെന്നിന്ത്യന്‍ സിനിമാ ലോകത്തെ എല്ലാ ഭാഷചിത്രങ്ങളിലും അന്ന് മുതല്‍ ഇന്ന് വരെയും സുഹാസിനി സജീവമായി പ്രവര്‍ത്തിക്കുകയാണ്.