ഞാൻ ശ്രീനിവാസന്റെ കാര്യം മമ്മൂട്ടിയോട് പറഞ്ഞതും അദ്ദേഹം ശ്രീനിവാസനെ വിളിച്ച് പണം നൽകി

ഒരുകാലത്ത് പുറത്തിറങ്ങിയിരുന്ന ചിത്രങ്ങളിലെല്ലാം സ്ഥിരം സാന്നിധ്യമായിരുന്നു മണിയന്‍പിള്ള രാജു. അതാത് സിനിമയ്ക്കനുസരിച്ച് മാറാനും ലഭിച്ച കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കുവാനുമുള്ള അദ്ദേഹത്തിന്റെ കഴിവിനെ പ്രേക്ഷകര്‍ വളരെ മുന്‍പ് തന്നെ അംഗീകരിച്ചതാണ്. അഭിനേതാവ് മാത്രമല്ല നല്ലൊരു സംഘാടകനും നിര്‍മ്മാതാവും കൂടിയാണ് അദ്ദേഹം. സുധീര്‍ കുമാര്‍ എന്ന പേരുമായാണ് മണിയന്‍പിള്ളരാജു സിനിമയിലെത്തിയത്. മണിയന്‍പിള്ള അഥവാ മണിയന്‍പിള്ള എന്ന സിനിമയില്‍ അഭിനയിച്ചതോട് കൂടിയാണ് താരത്തിന്റെ ജീവിതം മാറി മറിഞ്ഞത്. ആ കഥാപാത്രത്തിന്റെ പേരില്‍ അറിയപ്പെടാനായിരുന്നു അദ്ദേഹത്തിന്റെ നിയോഗം. ഇപ്പോൾ നടൻ മമ്മൂട്ടിയെക്കുറിച്ചും ശ്രീനിവാസനെയും കുറിച്ച് താരം പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്

ഐ.വി ശശി സംവിധാനം ചെയ്ത ‘അതിരാത്ര’ത്തിന്റെ ചിത്രീകരണവേളയില്‍ ശ്രീനിവാസന്റെ കല്യാണം നിശ്ചയിച്ചിരിക്കുകയാണ്. മൂന്നുനാല് ദിവസം കൂടി കഴിഞ്ഞാല്‍ കല്യാണമാണ്. പക്ഷേ, ശ്രീനിവാസന്‍ താലിമാല പോലും വാങ്ങിയിട്ടില്ല. പണത്തിന് നന്നെ ബുദ്ധിമുട്ടുള്ള കാലമായിരുന്നു. ശ്രീനിവാസന്‍ എന്റെയടുത്തുവന്നിട്ട് കല്യാണമാണെന്നും മാല വാങ്ങാന്‍ കുറച്ചു പണം കടംകൊടുക്കണമെന്നും പറഞ്ഞു. സത്യത്തില്‍ എന്റെ കയ്യില്‍ കടം നല്‍കാനുള്ള പണമൊന്നുമില്ലായിരുന്നു. അഞ്ഞൂറു രൂപാപോലും അന്ന് തികച്ചെടുക്കാനില്ലാത്ത കാലം. പക്ഷേ ശ്രീനിയെ സഹായിക്കേണ്ടത് എന്റെയും കൂടി ആവശ്യമാണെന്ന് തോന്നിയിട്ട് ഞാന്‍ ചെന്ന് മമ്മൂട്ടിയോട് വിവരം പറഞ്ഞു.മമ്മൂട്ടി ശ്രീനിയെ റൂമില്‍ വിളിച്ചിട്ട് കുറെ വഴക്കുപറഞ്ഞു.

നിനക്കെന്തെങ്കിലും ആവശ്യം വന്നാല്‍ എന്നോട് വേണ്ടെ ചോദിക്കാനെന്നൊക്കെ പറഞ്ഞ് മമ്മൂട്ടി ദേഷ്യപ്പെട്ടിട്ട് താലിമാല വാങ്ങിച്ചോയെന്ന് പറഞ്ഞ് മൂവായിരം രൂപയെടുത്തു കൊടുത്തു. ഞാന്‍ ആ രംഗത്തിന് സാക്ഷിയായിരുന്നു. ഈ വിവരം മമ്മൂട്ടി ഭാര്യ സുല്‍ഫത്തിനോട് പറഞ്ഞു. അത് കേട്ടതും ഭാര്യ വല്ലാതെ മമ്മൂട്ടിയെ വഴക്കുപറഞ്ഞു. അങ്ങേരെപ്പോലൊരു നടന്‍ നിങ്ങളോട് താലിമാല വാങ്ങാന്‍ പണം കടം ചോദിച്ചപ്പോള്‍ മൂവായിരം രൂപയാണോ കൊടുക്കുന്നതെന്ന് ചോദിച്ചുകൊണ്ടായിരുന്നു വഴക്ക്. എന്റെ കൈവശം അപ്പോള്‍ മൂവായിരം രൂപയെ ഉണ്ടായിരുന്നുള്ളുവെന്നും അത് കൊടുത്തുവെന്നും മമ്മൂട്ടി പറഞ്ഞപ്പോള്‍ പതിനായിരം രൂപയെങ്കിലും കൊടുക്കണമായിരുന്നുവെന്ന് സുല്‍ഫത്ത് പറഞ്ഞുവത്രെ.