വർഷങ്ങൾക്ക് മുൻപുള്ള ആ ദിവസം ഓർത്തെടുത്തു മോനിഷയുടെ മാതാവ് ശ്രീദേവി ഉണ്ണി

ഇന്നും മലയാള സിനിമ ഏറെ നൊമ്പരത്തോടെ ഓർക്കുന്ന അഭിനേത്രി ആണ് മോനിഷ. കഴിവ് കൊണ്ടും സൗന്ദര്യം കൊണ്ടും മോനിഷയ്ക്ക് പകരം മറ്റൊരു താരവും ഇത് വരെ മലയാള സിനിമയിൽ ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം. ഇന്നും മോനിഷയുടെ ചിത്രങ്ങൾ മലയാളികൾക്ക് നൊമ്പരമാണ് ഉണ്ടാക്കുന്നത്. വർഷങ്ങൾക്ക് ഇപ്പുറം ഇന്നും മോനിഷയുടെ ‘അമ്മ താൻ  അന്ന് കടന്നു പോയ സന്ദർഭത്തെ കുറിച്ച് പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്. മോനിഷയുടെ കൂടെ ഇപ്പോഴും ‘അമ്മ ശ്രീദേവി ഉണ്ണിയും കാണുമായിരുന്നു. ഷൂട്ടിങ്ങിനു പോയാലും പരിപാടികൾക്ക് പോയാലും എല്ലാം ‘അമ്മ ശ്രീദേവി മോനിഷയുടെ നിഴൽ പോലെ കൂടെ കാണുമായിരുന്നു. മോനിഷയുടെ അവസാന യാത്രയിലും ‘അമ്മ തന്നെ ആയിരുന്നു കൂടെ ഉണ്ടായിരുന്നത്. ഇപ്പോഴിതാ അന്ന് ആ ദിവസം സംഭവിച്ച കാര്യങ്ങൾ എന്താണെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തുറന്ന് പറയുകയാണ് താരം.

ശ്രീദേവി ഉണ്ണിയുടെ വാക്കുകൾ, ഒരിക്കലും എനിക്ക് മറക്കാൻ കഴിയാത്ത ദിവസം ആയിരുന്നു അത്. ഞാൻ മാത്രമാണ് ആ അപകടത്തിന്റെ ഏക സാക്ഷിയും ജീവിച്ചിരിക്കുന്ന ഏക വ്യക്തിയും. അന്ന് രാത്രിയിൽ ഞാനും മോനിഷയും സഞ്ചരിച്ച കാർ ചമ്പക്കുളത്തച്ചൻ ഷൂട്ട് ചെയ്ത ഏരിയയിൽ കൂടി കടന്നു പോകുകയായിരുന്നു. ഞങ്ങൾക്ക് ആ സ്ഥലം അധികം പരിചയം ഇല്ല. അപ്പോൾ ഞാൻ ഉണർന്നിരിക്കുകയായിരുന്നു. മോനിഷ എന്റെ മടിയിൽ കാലു വെച്ച് കാറിൽ കിടന്ന് ഉറങ്ങുകയായിരുന്നു. അന്ന് എനിക്ക് ഒരു ഓപ്പറേഷൻ കഴിഞ്ഞ സമയം ആയിരുന്നു. അത് കൊണ്ട് എന്റെ മടിയിൽ തലവെച്ച് കിടക്കാൻ പറഞ്ഞിട്ട് മോനിഷ കേട്ടില്ല. മനുഷ്യ ശരീരത്തിലെ ഏറ്റവും ഭാരമുള്ള ഭാഗം തല ആണെന്നും അത് കൊണ്ട് അമ്മയുടെ മടിയിൽ ഞാൻ തലവെച്ച് കിടക്കുന്നില്ല എന്നും പറഞ്ഞാണ് അവൾ കാൽ എന്റെ മടിയിലേക്ക് വെച്ച് കിടന്നത്.  എനിക്ക് ഇന്നും അത് വ്യക്തമായി ഓര്മ ഉണ്ട്. ഒരു ഡിവൈഡറിന്റെ അടുത്ത് കൂടി കാർ കടന്നു പോയി.  പെട്ടന്ന് ആണ് ഒരു  കെഎസ്ആർടിസി ബസ്  ഞങ്ങളുടെ കാറിന് നേരെ വരുന്നത്. ബസിന്റെ ആ വെളിച്ചം എന്റെ കണ്ണിലേക്ക് ശക്തിയായി തന്നെ അടിച്ചിരുന്നു.

പെട്ടന്നാണ് അത് സംഭവിച്ചത്. ഞാൻ ഡോർ തുറന്നു പുറത്തേക്ക് അപ്പോഴേക്കും തെറിച്ച് പോയിരുന്നു. ഒരുപാട് ദൂരെ ആണ് ഞാൻ പോയി കിടന്നത്. അപ്പോഴൊന്നും സംഭവിച്ചത് അപകടം ആണെന്ന് തിരിച്ചറിയാനുള്ള ബോധം ഒന്നും എനിക്ക് ഇല്ലായിരുന്നു. എന്റെ രണ്ടു കാലുകളും അപ്പോഴേക്കും പരുക്ക് പറ്റിയിരുന്നു. അതൊന്നും കാര്യമാക്കാതെ ഞാൻ കാറിന്റെ ഭാഗത്തേക്ക് ഓടി. എന്റെ വസ്ത്രം ആകെ നനഞ്ഞിരുന്നു. അപ്പോഴാണ് പെട്ടന്ന് ഒരു ഓട്ടോ റിക്ഷ അങ്ങോട്ട് വന്നത്. അതിൽ നിന്നും ഡ്രൈവർ ഇറങ്ങിയിട്ട് എന്നോട് ചോദിച്ചു, ആരാ ‘അമ്മ നിങ്ങൾ എന്ന്. ഞാൻ പറഞ്ഞു മോനിഷ ആ കാറിൽ ആണെന്നു. ആര്, ഞങ്ങളുടെ മോനിഷയോ എന്ന് പറഞ്ഞു ആ കുഞ്ഞു കാറിന്റെ അടുത്തേക്ക് എന്നേക്കാൾ വേഗം ഓടി. ശരിക്കും മനുഷ്യത്വം എന്താണെന്ന് ഞാൻ തിരിച്ചറിഞ്ഞ സമയം ആയിരുന്നു അത്. എല്ലാവരും കൂടി മോനിഷയെ ആശുപത്രിയിൽ എത്തിച്ചു. അവിടെയും എല്ലാവരുടെയും പെരുമാറ്റം വളരെ സഹകരണത്തോടെ ആയിരുന്നു. ആശുപത്രിയിൽ ചെന്നപ്പോൾ ആണ് ഞാൻ ശ്രദ്ധിക്കുന്നത്, എന്റെ വസ്ത്രം നിറഞ്ഞത് ചോരയിൽ നിന്ന് ആയിരുന്നു എന്ന് എന്നും ശ്രീദേവി ഉണ്ണി പറഞ്ഞു.