ഷൂട്ടിങ്ങിന് ഇടയിൽ പെട്ടന്ന് കുറെ പേര് അങ്ങോട്ട് കയറി വന്നു, ഷൂട്ടിങ് സമ്മതിക്കില്ല എന്ന് പറഞ്ഞു

മലയാള സിനിമയ്ക്ക് ലഭിച്ച വലിയ ഒരു നാഴിക കല്ലാണ് മണിച്ചിത്രത്താഴ് എന്ന ചിത്രം. ഫാസിൽ സംവിധാനം ചെയ്തു മോഹൻലാലും സുരേഷ് ഗോപിയും ശോഭനയും എല്ലാം തകർത്തഭിനയിച്ച ചിത്രം മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റുകളിൽ ഒന്നായിരുന്നു. ശോഭന എന്ന നടിയുടെ കഴിവും നർത്തകിയുടെ നൃത്തത്തിലുള്ള അറിവും സിനിമയ്ക്ക് മുതൽക്കൂട്ട്ആക്കുകയായിരുന്നു . ഒരു പക്ഷെ ശോഭന ഇല്ലായിരുന്നുവെങ്കിൽ നാഗവല്ലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിവുള്ള മറ്റൊരു നടിയും അന്ന് മലയാള സിനിമയിൽ ഉണ്ടാകുമായിരുന്നില്ല എന്ന് ചിത്രത്തിന്റെ സംവിധായകൻ ഫാസിൽ തന്നെ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയത്ത് ഉണ്ടായ ചില സംഭവങ്ങൾ തുറന്ന് പറയുകയാണ് ചിത്രത്തിന്റെ നിർമ്മാതാവ് സ്വര്‍ഗച്ചിത്ര അപ്പച്ചന്‍.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, മണിച്ചിത്രത്താഴിന്റെ ചർച്ചകളിൽ തന്നെ പത്മനാഭപുരം കൊട്ടാരത്തില്‍ ഷൂട്ട് ചെയ്യാന്‍ പറ്റിയാല്‍ സിനിയമയുടെ മുക്കാല്‍ഭാഗവും അവിടെ തന്നെ തീര്‍ക്കാന്‍ കഴിയും എന്ന് സംവിധായകന്‍ ഫാസില്‍ പറഞ്ഞിരുന്നു. എന്നാൽ കൊട്ടാരത്തിൽ ഷൂട്ട് ചെയ്യുന്നത് കുറച്ച് ബുദ്ധിമുട്ട് ഉള്ള കാര്യം ആയിരുന്നു. കാരണം പത്മനാഭപുരം കൊട്ടാരം പുരാവസ്തുവായതിനാല്‍ അവിടെ ഒരു തരത്തിലും ഉള്ള ഷൂട്ടിംഗിന് അനുമതി നൽകേണ്ട എന്ന പ്രമേയം നിയമസഭയില്‍ പാസാക്കിയതാണ്. പക്ഷെ നമുക്ക് കൊട്ടാരം ഉണ്ടെങ്കിലേ സിനിമ ചിത്രീകരിക്കാൻ കഴിയു എന്ന അവസ്ഥാ ആയിരുന്നു. അങ്ങനെ കൊട്ടാരത്തിൽ ഷൂട്ട് ചെയ്യുന്നതിന് വേണ്ടി കുറച്ച് കഷ്ടപ്പെട്ട് തന്നെ സർക്കാരിന്റെ അനുമതി നേടിയെടുത്തു.

സിദ്ധിഖിനെയും ലാലിനെയും പ്രിയനെയും സിബിയെയും വിളിച്ച് നാല് ക്യാമറകള്‍ സെറ്റ് ചെയ്ത് എളുപ്പത്തില്‍ ഷൂട്ടിംഗ് തീര്‍ക്കാം എന്ന് ഫാസിൽ പറഞ്ഞിരുന്നു. വളരെ കുറച്ച് ദിവസങ്ങൾ മാത്രമായിരുന്നു കൊട്ടാരത്തിൽ ഷൂട്ട് ചെയ്യാനുള്ള അനുമതി ലഭിച്ചത്. അങ്ങനെ നവംബര്‍ ഒന്നു മുതല്‍ 30 വരെ ഷൂട്ടിങ്ങിന് അനുമതിയായി. വളരെ പ്ലാൻ ചെയ്താണ് ഓരോ ദിവസവും ഷൂട്ടിങ് നടത്തിയത്. കാരണം വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് കൊട്ടാരത്തിൽ ഷൂട്ട് ചെയ്യാനുള്ള അനുമതി ലഭിച്ചത്. എന്നാൽ ഷൂട്ടിങ് തുടങ്ങി പത്ത് ദിവസം ആയപ്പോൾ കുറെ രാഷ്ട്രീയക്കാർ കൊടിയും പിടിച്ച് കൊണ്ട് കൊട്ടാരത്തിലേക്ക് കയറി വരുകയും ഞങ്ങളോട് ഷൂട്ടിങ് നിർത്താൻ പറയുകയും ചെയ്തു.

എന്നാൽ അവർക്ക് ഞങ്ങൾ സർക്കാരിൽ നിന്ന് അനുമതി നൽകിയ പേപ്പർ കാണിച്ചിട്ട് പോലും അവർ പിന്മാറാൻ തയാറായിരുന്നില്ല. പുരാവസ്തു നശിപ്പിക്കാന്‍ സമ്മതിക്കില്ല. ഷൂട്ടിംഗ് നടത്താന്‍ കഴിയില്ല സമ്മതിക്കില്ല എന്ന നിലപാടിൽ തന്നെ അവർ ഉറച്ച് നിന്ന്. അതോടെ ഷൂട്ടിങ് താൽക്കാലികമായി നിർത്തിവെച്ചു.  പിന്നീടാണ് ചിത്രത്തിന്റെ ചില രംഗങ്ങൾ തൃപ്പൂണിത്തുറയിൽ ചിത്രീകരിച്ചത്. എന്നാൽ അപ്പോഴും ക്ളൈമാക്സ് എങ്ങനെ എടുക്കും എന്ന പ്രശ്നം  അലട്ടിക്കൊണ്ടിരുന്നു. കാരണം പത്മനാഭകൊട്ടാരത്തിലെ കൽമണ്ഡപത്തിൽ ആണ് ശോഭനയുടെ ക്ളൈമാക്‌സിൽ ഉള്ള നൃത്തം ചിത്രീകരിക്കേണ്ടത്. ഏഴു ദിവസം എങ്കിലും ഇതിനായി വേണ്ടി വരുമായിരുന്നു. ശേഷം അവിടെ ഉള്ള ചില രാഷ്ട്രീയ നേതാക്കളെ കണ്ടു കുറച്ച് താഴ്മയോടെ കാര്യം പറഞ്ഞപ്പോൾ അവർ സമ്മതിക്കുകയിരുന്നു എന്നും അങ്ങനെ ആണ് ആ ഷൂട്ടിങ് പൂർത്തീകരിച്ചത് എന്നും ആണ് ചിത്രത്തിന്റെ നിർമ്മാതാവ് പറഞ്ഞത്.