ഞാൻ ഒരു നല്ല നടിയല്ല അഭിനയം നിർത്തുകയാണ് എന്ന് അമ്മയോട് പറഞ്ഞിരുന്നു

പ്രേമമെന്ന ചിത്രത്തിലൂടെയായിരുന്നു സായി പല്ലവി കേരളക്കര കീഴടക്കിയത്. മലര്‍ മിസ്സായുള്ള വരവിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കില്‍ നിന്നുമുള്ള അവസരങ്ങളും താരത്തെ തേടിയെത്തിയിരുന്നു. എംബിബിഎസ് പഠനത്തിനിടയിലെ വെക്കേഷന്‍ സമയത്തായിരുന്നു സായി പല്ലവി സിനിമയില്‍ അഭിനയിച്ച് തുടങ്ങിയത്. ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്നതിനിടയിലും സിനിമയില്‍ സജീവമായിരുന്നു താരം. സിനിമ സ്വീകരിക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങളില്‍ കൃത്യമായ നിലപാടുണ്ട് സായ് പല്ലവിക്ക്. പരസ്യചിത്രത്തില്‍ അഭിനയിക്കുന്നതില്‍ താല്‍പര്യമില്ല തനിക്കെന്ന് സായി പല്ലവി വ്യക്തമാക്കിയിരുന്നു. കോടികള്‍ പ്രതിഫലമായി വാഗ്ദാനം ചെയ്തിട്ടും ഫെയര്‍നെസ് ക്രീം പരസ്യത്തില്‍ അഭിനയിച്ചിരുന്നില്ല താരം. ഗ്ലാമറസ് രംഗങ്ങളില്‍ അഭിനയിക്കില്ലെന്നും സായി പല്ലവി പറഞ്ഞിരുന്നു.

ഇപ്പോൾ സൂര്യ നായകനായ എന്‍ജികെ സിനിമയുടെ ഷൂട്ടിംഗ് സമയത്ത് തനിക്ക് ഉണ്ടായ ഒരു അനുഭവം വെളിപ്പെടുത്തുകയാണ് സായി പല്ലവി, ചിത്രത്തിലെ ഒരു പ്രത്യേക രംഗം ചിത്രീകരിക്കുമ്പോള്‍ സംവിധായകന്റെ പ്രതീക്ഷയ്ക്കൊത്തുള്ള പ്രകടനം കാഴ്ചവെയ്ക്കാന്‍ തനിക്ക്  സാധിച്ചിരുന്നില്ല എന്നാണ് താരം പറയുന്നത്. ആ രംഗം വീണ്ടും ഷൂട്ട് ചെയ്യാനായി പിറ്റേദിവസത്തേക്ക് മാറ്റി  വെച്ചു, അന്ന് താൻ തളർന്നു പോയിരുന്നു. ഇതേ തുടര്‍ന്ന് ആ ദിവസം മുഴുവന്‍ ഞാന്‍ കരയുകയായിരുന്നു. വീട്ടില്‍ചെന്ന് അമ്മയോട് മെഡിസിന് തിരിച്ച് പോവുകയാണെന്നും ഞാന്‍ ഒരു നല്ല നടിയല്ലെന്നും പറഞ്ഞു. ഭാഗ്യത്തിന് അടുത്തദിവസം എന്റെ ആദ്യ ടേക്ക് തന്നെ ഓക്കെയായി. അപ്പോഴാണ് തനിക്ക് സമാധാനമായത്’ സായി പറഞ്ഞു. നടന്‍ സൂര്യയും സെല്‍വരാഘവന്റെ പ്രതീക്ഷയ്ക്കൊപ്പമെത്താന്‍ വേണ്ടി പല ടേക്കുകള്‍ എടുക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോഴാണ് തനിക്ക് സമാധാനമായതെന്നും സായി പല്ലവി വ്യക്തമാക്കി.

അടുത്ത കാലത്ത് താരം പ്രണയത്തിലാണെന്ന തരത്തിലുള്ള ഗോസിപ്പുകളും  പ്രചരിച്ചിരുന്നു. വിവാഹത്തോട് താല്‍പര്യമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സായി പല്ലവി. മാതാപിതാക്കളെ വിട്ട് മറ്റൊരു സ്ഥലത്തേക്ക് പോവേണ്ടി വരുന്നതിനോട് യോജിക്കാനാവില്ല. എന്നും അവരോടൊപ്പം കഴിയാനാണ് ആഗ്രഹം. അതിനാലാണ് വിവാഹം വേണ്ടെന്ന തീരുമാനമെടുത്തതെന്നുമായിരുന്നു സായി പല്ലവി പറഞ്ഞത്. താരത്തിന്റെ തുറന്നു പറച്ചിലില്‍ ആരാധകരും ഞെട്ടലിലാണ്.