കോമഡികളുടെ ഒരു ചാകര തന്നെയാണ് സിനിമയിൽ ഉള്ളത്


മലയാളം മൂവീസ് ആൻ ഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ സുനിൽ കോലാട്ടുകുടി ചെറിയാൻ എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ജോലിയന്വേഷിച്ച് അന്യനാട്ടിൽ താമസിക്കുന്ന മേനകയും ഗായകനാകാൻ നടക്കുന്ന ശങ്കറും ഭാര്യാഭർത്താക്കന്മാരായി അഭിനയിച്ച്. ഫാമിലിക്ക് മാത്രം വാടകയ്ക്ക് കൊടുക്കുന്ന വീട്ടിൽ താമസിക്കുന്നിടത്ത് തുടങ്ങുന്നു ഉഡായിപ്പുകളുടെ ഘോഷയാത്ര.

സമ്പന്നന്റെ മകനായി അഭിനയിക്കുന്ന സോമൻ; സമ്പന്നന്റെ മകളാണെന്ന് തെറ്റിദ്ധരിക്കപ്പെടുന്ന മേനക; മറ്റ് പ്രണയനാടകങ്ങളും, കലഹങ്ങളും, അവസാനമുള്ള കലങ്ങിത്തെളിയലുമായി ഏതാണ്ട് രണ്ടേമുക്കാൽ മണിക്കൂർ ശുദ്ധ എന്റർടെയിനർ പാക്കേജ് മലയാളികളെന്നല്ല അങ്ങ് ഹിന്ദിയിൽ വരെ ബോക്‌സ് ഓഫീസ് കുലുക്കി (ഹംഗാമ എന്നായിരുന്നു ഹിന്ദി പതിപ്പിന്റെ പേര്).

ഭാര്യക്ക് ലൈൻ ഉണ്ടെന്ന് ഭർത്താവും ഭർത്താവിന് രഹസ്യകാമുകിയുണ്ടെന്ന് തെറ്റിദ്ധരിക്കുന്ന ഭാര്യയും (നെടുമുടി, സുകുമാരി) ചിരിക്ക് വേണ്ട വക നൽകി. പ്രിയദർശൻ-മോഹൻലാൽ-എംജി ശ്രീകുമാർ ത്രയത്തിന്റെ ആദ്യചിത്രം ‘പൂച്ചയ്‌ക്കൊരു മൂക്കുത്തി’ക്ക് 39 വയസ്സ്. സുരേഷ്‌കുമാർ, സനൽകുമാർ ചേർന്ന് നിർമ്മിച്ച സൂപ്പർഹിറ്റ്‌. ഇതേ വർഷമിറങ്ങിയ ‘ഓടരുതമ്മാവാ ആളറിയാം’ മലയാളത്തിൽ പ്രിയന്റെ സ്ഥാനമുറപ്പിച്ചു.

മുൻപേ ‘കുയിലിനെത്തേടി’ എന്ന ചിത്രത്തിന് തിരക്കഥയെഴുതിയിരുന്നു പ്രിയൻ. ‘മൂക്കുത്തി’ മലയാളത്തിൽ റൊമാന്റിക് കോമഡികളുടെ ചാകര തന്നെ സൃഷ്ടിച്ചു. മോഹൻലാൽ, നെടുമുടി, ശങ്കർ, മേനക, സോമൻ, ജഗതി, സുകുമാരി തുടങ്ങിയ വൻ താരനിരയാണ് ‘മൂക്കുത്തി’യിൽ അണിനിരന്നത്. ഒപ്പം ബൈജുവിന്റെ ചിന്നപ്പയ്യൻ റോളും. സിബി മലയിൽ ആയിരുന്നു സഹസംവിധാനം.

കാമറ എസ് കുമാർ. പിന്നീട് വന്ന പല പ്രിയൻ ചിത്രങ്ങളുടെ ബീജബാങ്ക് ആയിരുന്നു ‘മൂക്കുത്തി’. മധ്യവർഗ മലയാളിയുടെ അതിജീവന തന്ത്രങ്ങളും, സമ്പത്തിനോടുള്ള ആർത്തിയും, നുണകളും, പൊങ്ങച്ചങ്ങളും കൊരുത്ത മാലയാണ് പൊതുവെ പഴയ പ്രിയൻ ചിത്രങ്ങൾ. ചുനക്കര-എംജി രാധാകൃഷ്‌ണൻ ടീമായിരുന്നു ഗാനവിഭാഗം. അത് മാത്രമായിരുന്നു അവസരത്തിനൊത്ത് ഉയരാതിരുന്നത് എന്നുമാണ് പോസ്റ്റ്.