ഇളയരാജയുടെ ശൈലികളുടെ പരിച്ഛേദങ്ങൾ മലയാള ചിത്രങ്ങളിൽ ഉപയോഗപ്പെടുത്തിയിട്ടുള്ള അത്യപൂർവ്വം സംഗീതജ്ഞരിലൊരാളാണ് എസ്. ബാലകൃഷ്ണൻ


എസ്.ബാലകൃഷ്ണനെ കുറിച്ച് സിനിഫൈൽ ഗ്രൂപ്പിൽ ഒരു യുവാവ് പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്, എസ്.ബാലകൃഷ്ണനെന്ന സംഗീതജ്ഞനെ എന്തു കൊണ്ടാണ് മലയാളം പിന്നാമ്പുറങ്ങളിലേക്കു മാറ്റി നിർത്തിയത് എന്ന് വീണ്ടുമൊരിക്കൽ കൂടി ചോദിക്കേണ്ടി വരുന്നത് അദ്ദേഹം മലയാളത്തിനു നൽകിയ ഹിറ്റ് ഗാനങ്ങളുടെ മാത്രം പിൻബലത്തിലല്ല. അദ്ദേഹത്തിനു സാധ്യമാകുമായിരുന്ന, ചിട്ടപ്പെടുത്താനവസരങ്ങൾ ലഭിക്കാതിരുന്ന, നമുക്കു കേൾക്കാൻ സാധിക്കാതെ പോയ, അനേകമനേകം മനോഹര ഗാനങ്ങളുടെ പശ്ചാത്തലത്തിലും കൂടിയാണ്. അദ്ദേഹത്തിന്റെ ആദ്യ മൂന്നു ചിത്രങ്ങളും മലയാള കമ്മേർസ്യൽ ചലച്ചിത്ര ലോകം കണ്ടിട്ടുള്ള ഏറ്റവും വലിയ സൂപ്പർ ഹിറ്റുകളാണ്. അതിലുപരി ട്രെൻഡ് സെറ്ററുകളും. അതു കൊണ്ടു മാത്രമെന്നു പറയുന്നില്ല, എങ്കിലും എസ്.

ബാലകൃഷ്ണന്റെ സംഗീതം കൊണ്ടു കൂടിയാണ് ആ ചിത്രങ്ങളിലെ പല മുഹൂർത്തങ്ങളും നാമിന്നുമോർക്കുന്നത്. എന്നിട്ടും എന്തു കൊണ്ടാണ് മലയാള കമ്മേർസ്യൽ ചിത്രങ്ങൾ അദ്ദേഹത്തെ തിരക്കുകളിൽ നിന്നുമകറ്റി നിർത്തിയത്.? ഒരു സംഗീതസംവിധായകന് സ്വന്തമായ ഒരു സ്ഥാനമുറപ്പിക്കണമെങ്കിൽ ഒന്നുകിൽ അദ്ദേഹം ഗാനസൃഷ്ടിയിലും പശ്ചാത്തലസംഗീതത്തിലുമൊരു പോലെ അഗ്രഗണ്യനായിരുന്നിരിക്കണം. അല്ലെങ്കിൽ പരിമിതമായ സംഗീതമേഖലയിലാണെങ്കിൽ പോലും അപ്രമാദിത്വം പ്രകടമാക്കാൻ പോന്ന ഗാനസൃഷ്ടികൾ നടത്തണം. എസ്. ബാലകൃഷ്ണൻ ഇതിൽ ആദ്യത്തെ ഗണത്തിൽ ഉൾപ്പെടും.

ഒരു കമ്മേർസ്യൽ ചിത്രത്തിനു വേണ്ട സംഗീതമെന്തെന്ന് കൃത്യമായ ബോധമുണ്ടായിരുന്ന സംഗീതജ്ഞനാണ് എസ്. ബാലകൃഷ്ണൻ. അത് വളരെയേറെ പ്രകടമായിടുള്ളത് അദ്ദേഹത്തിന്റെ പശ്ചാത്തലസംഗീതത്തിലുമാണ്. “ഗോഡ് ഫാദർ” എന്ന സർവ്വകാല വിജയചിത്രത്തിന്റെ സംഗീതം സസൂക്ഷ്മം വിലയിരുത്തിയിട്ടുണ്ടോ? ആ ചിത്രത്തിന്റെ ഓരോ ഫ്രെയിമിലും അദ്ദേഹത്തിന്റെ സംഗീതമികവുകൾ ഒളിഞ്ഞിരിക്കുന്നുണ്ട്. അഞ്ഞൂറാനു നൽകിയിട്ടുള്ള സംഘർഷ സംഗീതം, മുകേഷ്‌-കനക് സീനുകൾക്കു നൽകിയിട്ടുള്ള പ്രണയസ്പർശങ്ങൾ, ശോകം-ഹാസ്യം എന്നിവയ്ക്കു നൽകിയിട്ടുള്ള സംഗീതമാനങ്ങൾ… ഒരു പക്ഷെ കമ്മേർസ്യൽ സംഗീതത്തിന്റെ അതികായനായിരുന്ന ശ്യാമും വൈകാരിക സംഗീതത്തിന്റെ വക്താവായിരുന്ന ജോൺസണും ഒത്തു ചേർന്നാൽ ആ സംഗീതം എങ്ങിനെ ആയിരുന്നിരിക്കും? ആ ചോദ്യത്തിനുത്തരമാണ്

എസ്. ബാലകൃഷ്ണൻ. കുറേക്കൂടെ ചുരുക്കിപ്പറഞ്ഞാൽ, ഇളയരാജയുടെ ശൈലികളുടെ പരിച്ഛേദങ്ങൾ മലയാള ചിത്രങ്ങളിൽ ഉപയോഗപ്പെടുത്തിയിട്ടുള്ള അത്യപൂർവ്വം സംഗീതജ്ഞരിലൊരാളാണ് എസ്. ബാലകൃഷ്ണൻ. പ്രമേയ സംഗീതം, സംഘട്ടന സംഗീതം, ഗാനങ്ങളുടെ ഈണത്തിൽ തന്നെ ചിട്ടപ്പെടുത്തുന്ന പശ്ചാത്തലസംഗീതം (“പൂക്കാലം വന്നു” എന്ന ഗാനത്തിന്റെ ഫ്ളൂട്ട്, ഗിറ്റാർ, വയലിൻ ബിറ്റുകൾ ഗോഡ്ഫാദർ എന്ന ചിത്രത്തിലുടനീളം നമുക്കു കേൾക്കാനാകും) എന്നിവയിലെല്ലാം ഇളയരാജാ ശൈലികളുടെ അനുരണനങ്ങളുണ്ട്. “വിയറ്റ്നാം കോളനി” യിലെ പുല്ലാങ്കുഴൽ ബിറ്റുകളും പ്രേക്ഷകർ മറന്നിരിക്കാനിടയില്ല. വിരലിലെണ്ണാവുന്ന ചിത്രങ്ങൾ കൊണ്ടു തന്നെ ശ്യാം, ജോൺസൺ, എസ്. പി. വെങ്കടേഷ് എന്നിവർക്കു തുല്യം നിർത്താവുന്ന, മലയാളികൾ എന്നുമെന്നുമോർക്കുന്ന പശ്ചാത്തലസംഗീത ശകലങ്ങൾ അദ്ദേഹം മലയാളത്തിനു സമ്മാനിച്ചിടുണ്ട്.

എസ്. ബാലകൃഷ്ണനെ മലയാളസംഗീതത്തിൽ സജീവമായി നിർലനിർത്താൻ പശ്ചാത്തലസംഗീത മികവു മാത്രം മതിയായിരുന്നു. പക്ഷെ അതുണ്ടായില്ല. ഇനി ഗാനങ്ങളുടെ കാര്യമാണെങ്കിലോ? മെലഡി, നൃത്തസംഗീതം, രാഗാധിഷ്ഠിതം എന്നിങ്ങനെ എല്ലാ വിധത്തിലുമുള്ള ഗാനങ്ങൾ അദ്ദേഹം ചിട്ടപ്പെടുത്തിയിട്ടുണ്ട്. “പൂക്കാലം വന്നു”, “ഏകാന്ത ചന്ദ്രിക””, “പാതിരാവായി നേരം” തുടങ്ങിയ മെലഡികൾ, “ഉന്നം മറന്നു തെന്നിപ്പറന്ന”, “കളിക്കളം ഇതു കളിക്കളം”, തുടങ്ങിയ നൃത്ത ഗാനങ്ങൾ, മായാമാളവഗൗളയിൽ ഒരുക്കിയ “പവനരച്ചെഴുതുന്നു കോലങ്ങളിന്നും” എന്ന ഗാനങ്ങളെല്ലാം തന്നെ ഇന്നും മലയാളികൾ ആവർത്തിച്ചു കേൾക്കുന്ന ഗാനങ്ങളാണ്. കാല്പനികതയാണ് അദ്ദേഹത്തിന്റെ ഗാനങ്ങളുടെ പ്രത്യേകതയെന്നെനിക്കു തോന്നിയിട്ടുള്ളത്. പ്രണയഗാനങ്ങളിൽ വൈകാരികതകളുടെ തീക്ഷണതകളുണ്ട്.

“പാതിരാവായി നേരം” എന്ന ഗാനത്തിൽ സിന്ധുഭൈരവി പോലൊരു രാഗത്തിന്റെ സ്വരങ്ങളുപയോഗിച്ച് അദ്ദേഹം സൃഷ്ടിച്ചിരിക്കുന്ന അന്തരീക്ഷം അതിശയകരമാണ്. പുല്ലാങ്കുഴൽ ബിറ്റുകൾ, വയലിൻ ബിറ്റുകൾ എന്നിവയുടെ ഉപയോഗങ്ങളെല്ലാം തമിഴ് സിനിമാസംഗീതത്തിന്റെ ടോണൽ ക്വാളിറ്റിയെ ഓർമ്മപ്പെടുത്തുന്നുണ്ട്. “ജന്മരാഗമാണു നീ” (കിലുക്കാംപെട്ടി), “കൂടു വിട്ടു കൂടേറുന്നു” (മിസ്റ്റർ ആൻഡ് മിസ്സിസ്സ്), “മഞ്ഞിൽ മായും സായംകാലം” (മഴവിൽക്കൂടാരം) എന്ന ഗാനങ്ങളെല്ലാം മെലഡി-ബീറ്റ്സ് സംയോജനത്തിന്റെ മികച്ച ഉദാഹരണങ്ങളാണ്. ആ ഫോർമാറ്റിലുള്ള ഗാനങ്ങൾ അധികമൊന്നും മലയാളത്തിൽ സൃഷ്ടിക്കപ്പെട്ടിട്ടില്ല. (എസ്.പി.വെങ്കടേഷിന്റെ അപൂർവ്വം ചില ഗാനങ്ങളുണ്ടെന്നു വ്സിമരിക്കുന്നില്ല). രാജൻ-നാഗേന്ദ്രയെപ്പോലുള്ള പ്രഗൽഭരോടൊത്തുള്ള പ്രവർത്തിപരിചയം ബാലകൃഷ്ണന്റെ ഉപകരണവിന്യസനങ്ങളിൽ പ്രകടമാണ്. എന്നിട്ടും മലയാളത്തിൽ വളരെ കുറച്ചു ചിത്രങ്ങൾക്കു മാത്രം സംഗീതം നൽകാനായിരുന്നു എസ്. ബാലകൃഷ്ണന്റെ നിയോഗം. “വിയറ്റ്നാം കോളനി” യ്ക്കു ശേഷം പൊടുന്നനെയാണ് അദ്ദേഹത്തിന്റെ അവസരങ്ങളിൽ അപസ്വരങ്ങൾ പ്രത്യക്ഷപ്പെട്ടത്. “ഇൻ ഹരിഹർ നഗർ” എന്ന ചിത്രം “എം.ജി.ആർ നഗറിൽ” എന്ന പേരിൽ തമിഴിൽ പുനർനിർമ്മിച്ചപ്പോൾ സംഗീതം പകർന്നത് എസ്.ബാലകൃഷ്ണൻ തന്നെയായിരുന്നു. എസ്.പി.ബി യും എം.ജി.ശ്രീകുമാറും ചേർന്നാലപിച്ച “സിങ്കാര പാവയേ” മലയാളത്തിലെ ഏകാന്ത ചന്ദ്രികയുടെ മികച്ച പുനരാവിഷ്കാരമായിരുന്നു. നിർമ്മാതാവ് ആർ.ബി ചൗധരിയുമായുള്ള പരിചയം “അഭിരാമി” എന്ന മറ്റൊരു തമിഴ് ചിത്രം കൂടിയദ്ദേഹത്തിനു നൽകുകയുണ്ടായി.

മനോരഞ്ജൻ എന്ന പേരിൽ ആ ചിത്രത്തിലദ്ദേഹം ചിട്ടപ്പെടുത്തിയ ഗാനങ്ങളൊന്നും ശ്രദ്ധിക്കപ്പെട്ടില്ല. തന്റെ ആദ്യചിത്രങ്ങളിലൊന്നും യേശുദാസ് പാടാഞ്ഞതു കൊണ്ടാണോ എസ്. ബാലകൃഷ്ണന് അവസരങ്ങൾ നഷ്ടമായത്? 1992 വരെയുള്ള ചിത്രങ്ങളിൽ “ഗൃഹപ്രവേശം”, “വിയറ്റ്നാം കോളനി” എന്ന ചിത്രങ്ങളിൽ മാത്രമേ യേശുദാസ് പാടിയിട്ടുള്ളൂ. എസ്.ബാലകൃഷ്ണനെക്കുറിച്ചോർക്കുമ്പോൾ മനസ്സിൽ ഓടിയെത്തുന്ന സംഗീതത്തിൽ യേശുദാസിന് കാര്യമായ പ്രാതിനിധ്യമില്ല എന്നത് അദ്ദേഹത്തിന്റെ പരിവേഷത്തിനു കാര്യമായ ദോഷം ചെയ്തിരിക്കാം. (എം.ജി.ശ്രീകുമാർ തന്നെയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ഗായകൻ). പിൽക്കാലത്ത് “മഴവിൽക്കൂടാരം”, “ഇഷ്ടമാണ് നൂറു വട്ടം” എന്ന ചിത്രങ്ങളിൽ യേശുദാസ് പാടിയിട്ടുണ്ടെങ്കിലും എസ്.ബാലകൃഷ്ണന്റെ സംഗീതപരിവേഷങ്ങൾ അപ്പോഴേക്കും നിർവ്വചിക്കപ്പെട്ടു കഴിഞ്ഞിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച രണ്ടു ഗാനങ്ങൾ പാടിയിട്ടുള്ളത് യേശുദാസാണ്.

തരംഗിണിയുടെ “പൊന്നോണ തരംഗിണി Vol-04” എന്ന ആൽബത്തിനു വേണ്ടി അദ്ദേഹം ചിട്ടപ്പെടുത്തി യേശുദാസ് ആലപിച്ച “ഓണം നിലാവിഴ പോലെ”, “ശ്രാവണസങ്കല്പ തീരങ്ങളിൽ” എന്ന ഗാനങ്ങൾ മാത്രം മതിയാകും എസ്. ബാലകൃഷ്ണന്റെ കഴിവുകളടയാളപ്പെടുത്തുവാൻ. ഒരു മികച്ച റിക്കാർഡർ-പുല്ലാങ്കുഴൽ വിദഗ്ദ്ധനായ എസ്.ബാലകൃഷ്ണനെ മലയാള സിനിമ സൗകര്യപൂർവ്വം വിസ്മരിക്കുകയാണുണ്ടായത്. സിദ്ധിഖ്-ലാൽ അല്ലാതെ മറ്റൊരു കൂട്ടുകെട്ടിന്റെയും ഭാഗമാകാൻ അദ്ദേഹത്തിനു സാധിച്ചില്ല. “ആകാശത്തിലെ പറവകൾ” (2001), “മൊഹബ്ബത്ത്” (2011) തുടങ്ങിയ ചിത്രങ്ങളിലൂടെ ഒരു മടങ്ങി വരവിന് അദ്ദേഹം ശ്രമിച്ചിരുന്നെങ്കിലും ആ സംഗീതം ഉൾക്കൊള്ളാനാകാത്ത വിധം മലയാളസിനിമകളും സംഗീതവും മാറിപ്പോയിരുന്നു. പരിമിതികളുണ്ടായിരുന്ന സംഗീതജ്ഞരെ കമ്മേർസ്യൽ സിനിമകൾ അവഗണിക്കുന്നത് മനസ്സിലാക്കാം.

പക്ഷെ ഒരു ജോൺസണെപ്പോലെ, എസ്. പി. വെങ്കിടേഷിനെപ്പോലെ വലിയ കച്ചവടമൂല്യമുണ്ടായിരുന്ന എസ്. ബാലകൃഷ്ണനെന്ന സംഗീതജ്ഞനെ എന്തിനാണു മലയാളം പടിക്കു പുറത്തു തന്നെ നിർത്തിക്കളഞ്ഞത്? “ഉന്നം മറന്നു തെന്നിപ്പറന്ന” എന്ന ഗാനം രണ്ടാം വരവിലും വലിയ ഹിറ്റായിത്തീർന്നപ്പോൾ തന്റെ വേദനയും പരിഭവവും വളരെ മൃദുവായ വാക്കുകളിലൊതുക്കിയ എസ്.ബാലകൃഷ്ണൻ 2019 ജനുവരിയിൽ മഹത്വവൽക്കരണങ്ങളുടെയോ അനുസ്മരണങ്ങളുടേയോ അകമ്പടിയില്ലാതെയാണ് ഇഹലോകവാസം വെടിഞ്ഞത്.