ഞാൻ ഇനി മുകേഷേട്ടനെ വിശ്വസിക്കില്ല എന്ന് പിറ്റേന്ന് തന്നെ ഉർവ്വശി എന്നോട് പറഞ്ഞു

നിരവധി ചിത്രങ്ങളിൽ ഒന്നിച്ച് അഭിനയിച്ച താരങ്ങൾ ആണ് മുകേഷും ഉർവശിയും. ഉർവശിയെ കുറിച്ച് ഒരുപാട് ഓർമകൾ പങ്കുവെക്കാൻ സഹതാരങ്ങൾക്ക് കാണും. അത്തരത്തിൽ ഇപ്പോൾ മുകേഷ് പറഞ്ഞ കാര്യങ്ങൾ ആണ് ആരാദകരുടെ ഇടയിൽ വീണ്ടും ശ്രദ്ധ നേടുന്നത്. മുകേഷിന്റെ വാക്കുകൾ ഇങ്ങനെ, വര്ഷങ്ങൾക്ക് മുൻപ് ഞാനും ഉർവശിയും ജയറാമും രഞ്ജിനിയും പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടന്നു കൊണ്ടിരിക്കുകയായിരുന്നു. ഒരു ദിവസം ഞാൻ ലൊക്കേഷനിൽ എത്തിയപ്പോൾ അവിടെ ജയറാമിന്റെയും രഞ്ജിനിയുടെയും രംഗങ്ങൾ ആണ് എടുത്ത് കൊണ്ടിരിക്കുന്നത്. എന്റെ സീൻ ആകാൻ കുറച്ച് സമയം കൂടി ഉണ്ടെന്നു അറിഞ്ഞപ്പോൾ ഞാൻ അവിടെ കുറച്ച് മാറി ഇരുന്നു. ഞാൻ നോക്കുമ്പോൾ ഉർവശിയും കുറച്ച് അകലെ ആയി ഇരിക്കുന്നുണ്ടായിരുന്നു. ഞാൻ നോക്കിയപ്പോൾ ഉർവശി എന്നെ ഇടയ്ക്കിടയ്ക്ക് ശ്രദ്ധിക്കുന്നുണ്ട്. അപ്പോൾ ഉർവശിയെ ഒന്ന് പറ്റിക്കാം എന്ന് ഞാനും തീരുമാനിച്ചു. അങ്ങനെ ഞാൻ അവിടെ ഇരുന്ന ഒരു പേപ്പർ എടുത്ത് എന്തെക്കെയോ ഉർവശിയെ കാണിക്കാൻ വേണ്ടി കുത്തി കുറയ്ക്കുന്നതായി അഭിനയിച്ചു.

ഇത് ശ്രദ്ധിച്ച ഉർവശി ഞാൻ ഇനി വല്ല പ്രേമലേഖനവും ആണോ എഴുതുന്നത് എന്ന് സംശയിച്ച് പതുകെ ശബ്‌ദം ഉണ്ടാക്കാതെ എന്റെ അടുത്ത് വരുകയും എന്റെ കയ്യിൽ നിന്ന് ആ പേപ്പർ തട്ടി പറിക്കുകയും ചെയ്തു. ആ പേപ്പർ ഇങ്ങു താ എന്ന് പറഞ്ഞു ഞാൻ തിടുക്കം കൂട്ടി. ഉർവശിയെ ഒന്ന് പറ്റിക്കണം എന്ന് മാത്രമേ അപ്പോൾ എന്റെ മനസ്സിൽ ഉണ്ടായിരുന്നുള്ളു. ആ സമയത്ത് ഞാൻ അഭിനയിക്കുന്ന മറ്റൊരു ചിത്രത്തിൽ ഞാൻ പാടി അഭിനയിക്കുന്ന ഒരു ഗാന രംഗത്തിലെ ചില വരികൾ ആണ് ഞാൻ ആ പേപ്പറിൽ കുറിച്ചത്. ഇത് എന്നാൽ ഉർവശിക്ക് അറിയില്ല. വരികൾ വായിച്ച് നോക്കിയിട്ട് ഉർവശി ചോദിച്ചു ഇത് ആര് എഴുതിയ വരികൾ ആണെന്ന്. ഞാൻ പറഞ്ഞു ഇങ്ങനെ വെറുതെ ഇരിക്കുന്ന സമയത്ത് ഇത് പോലെ ഞാൻ ചെറുതായി എഴുതാറുണ്ടെന്നും, അതിനു ട്യൂൺ കൊടുക്കാം എന്ന് പറഞ്ഞു ഞാൻ അവിടെ വെച്ച് തന്നെ മറ്റേ സിനിമയിലെ ട്യൂൺ അനുസരിച്ച് ആ ഗാനം പാടുകയും ചെയ്തു.

ഇത് കേട്ട ഉർവശി ശരിക്കും ഞെട്ടി പോയി. ഞാൻ തന്നെ എഴുതി ഞാൻ തന്നെ സംഗീതം നൽകിയെന്ന് ഉർവശി വിശ്വസിച്ചു. ഉർവശി പറഞ്ഞു മുകേഷേട്ട, ഇത് ആളുകൾ അറിയണം, കാരണം അധികം ആർക്കും കിട്ടാത്ത കഴിവാണ് ഇതെന്നും അത് വെറുതെ കളയരുത് എന്നുമൊക്കെ. അതിനു ശേഷം ഉർവശി പോകുകയും ചെയ്തു. കുറച്ച് ദിവസം കഴിഞ്ഞപ്പോൾ മറ്റേ ചിത്രം റിലീസ് ആയി. ഉർവശി ഒക്കെ ചിത്രം തിയേറ്ററിൽ പോയി കാണുകയും ചെയ്തു. പിറ്റേന്ന് തന്നെ വന്നു എന്നോട് പറഞ്ഞു, എന്തൊരു അഭിനയം ആയിരുന്നു, ഇനി മുകേഷേട്ടൻ പറയുന്ന ഒന്നും ഞാൻ വിശ്വസിക്കില്ല എന്നും.