ചില സിനിമകൾ പ്രേക്ഷകരെ വല്ലാതെ സ്വാധീനിക്കുന്നവയാണ്


പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ് മീശമാധവൻ. വർഷങ്ങൾ കൊണ്ട് ടി വി യിൽ കാണുന്ന ചിത്രം ആണെങ്കിലും ഇന്നും യാതൊരു മടുപ്പും കൂടാതെ പ്രേക്ഷകർ കാണുന്ന ചിത്രത്തിന് ആരാധകരും ഏറെയാണ്. അന്യായ റിപ്പീറ്റ് വാല്യൂ ഉള്ള ചിത്രങ്ങളിൽ ഒന്നായ മീശമാധവൻ ദിലീപിന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്ന് കൂടിയാണ്. കാവ്യ മാധവൻ ആണ് ചിത്രത്തിൽ ദിലീപിന്റെ നായികയായി എത്തിയത്.

ഇപ്പോഴിതാ വർഷങ്ങൾക്ക് മുൻപ് മീശ മാധവൻ സിനിമ കാണാൻ പോയപ്പോൾ ഉള്ള അനുഭവം പങ്കുവെച്ച ഒരു ആരാധകന്റെ പോസ്റ്റ് ആണ് പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നത്. സഞ്ജീവ് എസ് മേനോൻ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ചില സിനിമകൾ കണ്ട് തീയറ്ററിൽ നിന്നിറങ്ങുമ്പോൾ നമ്മൾ ആ സിനിമ ഷൂട്ട് ചെയ്ത ലൊക്കേഷനിൽ നിന്നും, കഥാപാത്രങ്ങളിൽ നിന്നും വിമുക്തരാകാൻ അല്പ സമയമെടുക്കും.  അങ്ങനെയുള്ള ചിത്രങ്ങൾ നിരവധിയുണ്ട്.

ചിത്രം, താളവട്ടം, യാത്ര, ചന്ദ്രനുദിക്കുന്ന ദിക്കിൽ, തേന്മാവിൻ കൊമ്പത്ത്, അറബിക്കഥ, പരുത്തിവീരൻ, സുബ്രഹ്മണ്യപുരം, കാതൽ. അങ്ങനെയങ്ങനെ. എൻ്റെ ഓർമ്മയിൽ നിരവധി ചിത്രങ്ങളുണ്ട്. അതിൽ മുൻപന്തിയിൽ വരുന്ന ചിത്രങ്ങളിൽ ഒന്നാണ് മീശ മാധവൻ. കോട്ടയത്തെ ഉഴവൂരിലെ താമസത്തിനിടെ ബാല്യകാല സുഹൃത്തും സഹപാഠിയും രസികനുമായ ജയചന്ദ്രൻ എന്ന ജയൻ പറഞ്ഞു, കാവ്യാ മാധവൻ്റെ അച്ഛൻ മാധവൻ, കാവ്യയുടെ അച്ഛനായി അഭിനയിക്കുന്ന മീശ മാധവൻ എന്ന ചിത്രം പാലാ മഹാറാണിയിൽ റിലീസ് ചെയ്യുന്നുണ്ടെന്ന്.

പൊതുവേ ഇതുപോലുള്ള തള്ളുകൾ കേൾക്കാറുള്ളതുകൊണ്ട് ഞാൻ വിശ്വസിച്ചില്ല. അപ്പോൾ അവൻ പറഞ്ഞു:; സത്യമാണ്, കാവ്യയുടെ അച്ഛൻ മാധവന് കൊമ്പൻ മീശയുണ്ടെന്നും അദ്ദേഹം നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ടെന്നും. അന്നത്തെ കാവ്യയെ ഇഷ്ടമുള്ളതുകൊണ്ടും ഈ കൗതുകം മനസിൽ കയറിയതുകൊണ്ടും ഞാൻ ത്രില്ലടിച്ച് കൂടെ പോയി. കൊമ്പൻ മീശയുള്ള മാധവൻ വരുമെന്ന പ്രതീക്ഷ കള്ളനായ ദിലീപിൻ്റെ മീശക്കാരൻ തിരുത്തി. ഞാൻ ഒന്ന് പാളി നോക്കിയപ്പോൾ ജയൻ ചിരിക്കുന്നു.

ഏതായാലും ചേക്ക് എന്ന ഗ്രാമവും ആ ഗ്രാമത്തിലെ കഥാപാത്രങ്ങളും മനോഹരമായ പാട്ടുകളും നൃത്തരംഗങ്ങളും നർമ്മമുഹൂർത്തങ്ങളുമൊക്കെയായി ആ ചിത്രം പിടിച്ചിരുത്തി. തിയ്യറ്റർ വിടുമ്പോഴും ചേക്കും ചേക്കിലെ കഥാപാത്രങ്ങളും മനസിൽ നിറഞ്ഞു നിന്നു. ഒരു സാധാരണ എൻറർടെയ്നറെങ്കിലും ആ ചിത്രം അവതരണത്തിലൂടെ മനസിൽ നിന്നു മായാത്ത ചിത്രമായി ഇന്നും. എത്ര വട്ടം കണ്ടാലും മടുക്കില്ല. ജ്യോതിർമയിയുടെ ആ സ്റ്റെപ്പുകൾ വളരെ ലളിതമെങ്കിലും കാണാൻ നല്ല രസമുണ്ടായിരുന്നു. പിന്നെ ആ മാലയിട്ടു കഴിയുമ്പോൾ ഉള്ള സ്റ്റെപ്പ് അടിപൊളി എന്നുമാണ് പോസ്റ്റിൽ പറയുന്നത്.