ലാലേട്ടൻ അങ്ങനെ ഒരു കാര്യം ചെയ്യുമെന്ന് ഒരിക്കലും ഞാൻ കരുതിയില്ല

പലപ്പോഴും മോഹൻലാൽ എന്ന നടന്ന വിസ്മയത്തെ കുറിച്ച് പറയാൻ സഹതാരങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ ആണ് കാണുക. പലരും ലാലേട്ടനൊപ്പമുള്ള തങ്ങളുടെ അനുഭവങ്ങൾ തുറന്നു പറഞ്ഞു കൊണ്ട് പലപ്പോഴും എത്താറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഒരു അഭിമുഖത്തിൽ മനോജ് കെ ജയൻ മോഹൻലാലിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്. മനോജ്  കെ ജയന്റെ വാക്കുകൾ ഇങ്ങനെ, ഒരിക്കൽ ഞാനും ലാലേട്ടനും ഒക്കെ ഉള്ള ഒരു ചിത്രത്തിന്റെ ഷൂട്ടിങ് നടന്നു കൊണ്ടിരിക്കുകയാണ്. രാവിലെ ഒരു പതിനൊന്ന് മണിയൊക്കെ ആയിട്ടും ഭക്ഷണം കഴിക്കാനുള്ള ബ്രേക്ക് കിട്ടിയിരുന്നില്ല. നല്ല വിശപ്പും ഉണ്ടായിരുന്നു. ഒടുവിൽ ഒരു പതിനൊന്ന് മണിയൊക്കെ കഴിഞ്ഞപ്പോൾ ഭക്ഷണം കഴിക്കാനുള്ള ബ്രേക്ക് കിട്ടി, എന്നാൽ ആ ഏരിയയിൽ ഇരുന്നു ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഒന്നും ഇല്ലായിരുന്നു. എന്ത് ചെയ്യുമെന്ന് കരുതി നിന്നപ്പോൾ ലാലേട്ടൻ എന്നെ അദ്ദേഹത്തിന്റെ വണ്ടിയിൽ ഇരുന്നു ഭക്ഷണം കഴിക്കാം എന്ന് പറഞ്ഞു ക്ഷണിച്ചു. അങ്ങനെ ഞങ്ങൾ ഭക്ഷണം കഴിക്കാൻ വേണ്ടി ലാലേട്ടന്റെ കാറിൽ പോയി ഇരുന്നു.

ഇഡലിയും തേങ്ങാ ചമ്മന്തിയും ആയിരുന്നു അന്ന് രാവിലത്തെ ആഹാരം, നല്ല വിശപ്പ് ഉള്ളത് കൊണ്ട് തന്നെ ഞാൻ രണ്ടു മൂന്ന് ഇഡലി എടുത്ത് അതിന്റെ പുറത്തേക്ക് ചമ്മന്തി ഒഴിച്ചിട്ടു കഴിക്കാൻ തുടങ്ങി. എന്നാൽ സമയം വൈകിയത് കൊണ്ട് തന്നെ ചമ്മന്തി കുറച്ച് ചീത്ത ആയിരുന്നു. എനിക്ക് എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥ ആയിരുന്നു. കാരണം നല്ല വിശപ്പും ഉണ്ട്, കയ്യിൽ കിട്ടിയ ആഹാരം കഴിക്കാനും കഴിയുന്നില്ല. ഞാൻ നോക്കിയപ്പോൾ ലാലേട്ടൻ വളരെ ആസ്വദിച്ച് ഭക്ഷണം കഴിക്കുന്നു. ലാലേട്ടന് കിട്ടിയത് നല്ല ആഹാരം ആയിരിക്കുമോ എന്ന സംശയവും അപ്പോൾ എനിക്ക് തോന്നി. വിശപ്പുള്ളത് കൊണ്ട് തന്നെ ഞാൻ ആദ്യം തന്നെ ഇഡലി പിച്ചി പറിച്ച് എന്റെ പ്ലേറ്റിൽ ഇട്ടിട്ട് വായിൽ വെച്ചപ്പോൾ ആണ് കഴിക്കാൻ പറ്റില്ല എന്ന് മനസ്സിലായത്. ഞാൻ ആ ആഹാരവും കയ്യിൽ പിടിച്ച് കൊണ്ട് അങ്ങനെ തന്നെ ഇരുന്നപ്പോൾ ലാലേട്ടൻ എന്നോട് ചോദിച്ചു, എന്താ മോനെ കഴിക്കാത്തത്? എന്ത് പറ്റി എന്ന്.

ഞാൻ പറഞ്ഞു ലാലേട്ടാ, ഭക്ഷണം കൊള്ളില്ല, ചീത്ത ആയിട്ടുണ്ട് എന്ന് പറഞ്ഞു. അപ്പോൾ ലാലേട്ടൻ പറഞ്ഞു, എന്താ മോനെ ഇത്? ഇതൊക്കെ കഴിക്കുന്നതിനു മുൻപ് നോക്കണ്ടേ? ഇതിപ്പോൾ ഇത്രയും ആഹാരം വേസ്റ്റ് ആകില്ലേ എന്ന്. ഞാൻ പറഞ്ഞു കഴിക്കാൻ പറ്റുന്നില്ല ലാലേട്ടാ എന്ന്. അപ്പോൾ എന്താ ചെയ്യുക, ഒരു കാര്യം ചെയ്, ആ പ്ലേറ്റ് ഇങ്ങു താ എന്ന് ലാലേട്ടൻ എന്നോട് പറഞ്ഞു. ഞാൻ പ്ലേറ്റ് കൊടുത്തപ്പോൾ ഞാൻ പിച്ചി കുഴച്ച് ഇട്ടിരുന്ന ആഹാരം ഒരു ഭാവ വ്യത്യാസവും കൂടാതെ ലാലേട്ടൻ വാങ്ങി കഴിച്ചു. എനിക്ക് അത് കണ്ടപ്പോൾ അത്ഭുതം ആണ് തോന്നിയത്. കാരണം നമ്മുടെ വീട്ടിൽ ഉള്ളവർ പോലും ചെയ്യാൻ മടിക്കുന്ന കാര്യം ആണ് ലാലേട്ടൻ അന്ന് ചെയ്തത് എന്നും ലാലേട്ടന് അല്ലാതെ മറ്റൊരാൾക്കും അങ്ങനെ പെരുമാറാൻ കഴിയില്ല എന്നുമാണ് മനോജ് പറഞ്ഞത്.