പുകവലി മദ്യപാനം എന്നി ശീലങ്ങൾ നമുക്ക മാറ്റുവാൻ കഴിയും, എന്നാൽ നമ്മുടെ സ്വഭാവവിശേഷങ്ങള്‍ അങ്ങനെ മാറ്റാന്‍ കഴിയില്ല

സിനിമയുടെ മറ്റൊരു പര്യായമാണ് മലയാളികൾക്ക് മമ്മൂട്ടി. സിനിമയാണ് മമ്മൂട്ടിയ്ക്ക് എല്ലാം. ഏതൊരു പുതുമുഖ നടനേക്കാളും ഉന്മേഷത്തോടെയും അടങ്ങാത്ത അഭിനിവേശത്തോടെയുമാണ് മമ്മൂട്ടി ഇന്നും സിനിമയെ സമീപിക്കുന്നത് ഇപ്പോൾ മമ്മൂട്ടി തന്റെ സ്വഭാവത്തെക്കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഏറെ ശ്രദ്ധ നേടുന്നത്.

ഞാന്‍ എന്റെ സ്വഭാവത്തെ കുറിച്ച് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. എന്റെ സ്വഭാവം അത്ര നല്ല സ്വഭാവമല്ല. എനിക്ക് തന്നെ എന്റെ സ്വഭാവം പലപ്പോഴും ഇഷ്ടപ്പെടാറില്ല. എല്ലാവര്‍ക്കും അവരവരുടേതായ സ്വഭാവ സവിശേഷതകളുണ്ട്. നമ്മുടെ സ്ഥായിയായ സ്വഭാവ വിശേഷങ്ങളൊന്നും നമുക്ക് മാറ്റാന്‍ സാധിക്കില്ല, നമ്മുടെ ശീലങ്ങൾ നമുക്ക് പതുക്കെ മാറ്റിയെടുക്കാൻ കഴിയും, പുകവലിക്കുന്ന ശീലം, മദ്യപിക്കുന്ന ശീലം, നഖം കടിക്കുന്ന ശീലം ഇതൊക്കെ നമുക്ക് മാറ്റാൻ കഴിയുന്ന ശീലങ്ങൾ ആണ് എന്നാണ് മമ്മൂട്ടി പറയുന്നത്.

സിനിമയിൽ അഭിനയിക്കുന്ന നടൻ എന്ന രീതിയിൽ തനിക്ക് ഒരുപാട് കുറ്റങ്ങളും കുറവുകളുമുണ്ടെന്നും തന്റെ ആഗ്രഹങ്ങളാണ് ഇവിടം വരെ എത്തിച്ചതെന്നുമാണ് മമ്മൂട്ടി നേരത്തെ പറഞ്ഞിട്ടുണ്ട് , എന്റെ രക്തത്തിലോ പാരമ്പര്യത്തിലോ അഭിനയമില്ല. എന്നെ സംബന്ധിച്ച് അഭിനയമെന്ന കലയോടുള്ള അഭിനിവേശം അല്ലെങ്കിൽ ആവേശം അതാണെന്നെ നടനാക്കിയത്. എന്നിലൊരു നടനെയോ കലാകാരനെയോ ഒരിക്കലും ഞാൻ കണ്ടെത്തിയിരുന്നില്ല.

മറ്റു നടന്മാർ അഭിനയിക്കുന്നത് കാണുമ്പോൾ തോന്നുന്ന ആഗ്രഹമാണ്, എനിക്കും അതുപോലെ അഭിനയിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ! ആ ആഗ്രഹം കൊണ്ട് ഞാൻ വളർത്തിയെടുത്ത, ഞാൻ തേച്ചുമിനുക്കിയെടുത്ത പ്രകടനമേ ഇപ്പോൾ കാണിക്കുന്നുള്ളൂ. എന്റെ ഒരു ആത്മധൈര്യം എന്നു പറയുന്നത്, ഇത്രയും തേച്ചു മിനുക്കാമെങ്കിൽ തേച്ചാൽ ഇനിയും മിനുങ്ങും എന്നതാണ്. നമ്മളെ തന്നെ സ്വയം കണ്ടെത്തുകയാണ് വേണ്ടത്. എന്നാണ് മമ്മൂട്ടി തന്റെ അഭിനയത്തെക്കുറിച്ച് നേരത്തെ പറഞ്ഞിട്ടുള്ളത്. തന്റെ രാപ്പകലുകളെല്ലാം സിനിമയ്ക്കായി നിക്ഷേപിച്ച് സിരകളിൽ ഇപ്പോഴും സിനിമയോടുള്ള ഒടുങ്ങാത്ത പ്രണയം നിറച്ച് മലയാളികളെ വിസ്മയിപ്പിക്കുകയാണ് മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ മമ്മൂട്ടി.

 

Leave a Comment