മലയിലെ മതേതരത്വം വിളമ്പാൻ ഹനീഫ സ്വാമി വക തേങ്ങായുടയും കൂടിയായപ്പോൾ കേമമായി


മാളികപ്പുറം എന്ന ചിത്രത്തിനെ കുറിച്ച് ആരാധകരുടെ  ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധനേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ എം സുകുമാരൻ ലാൽ എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഓർമ വച്ചനാൾ മുതൽ ഒരു കുഞ്ഞുപെൺകുട്ടി അയ്യപ്പാ എന്നു മാത്രം ചിന്തിച്ചു ജീവിക്കുന്നു. ആയിക്കോട്ടെ, അവളുടെ സങ്കടങ്ങൾ തീർക്കുമ്പോളല്ലേ അയ്യപ്പൻ സിനിമക്കാർ പറയുംപോലെ സൂപ്പർ ഹീറോ ആകുന്നത്.

അവളുടെ അയ്യപ്പഭക്തിയും സ്നേഹവും കണ്ട വീട്ടുകാരും ചേർന്നു മാലയിട്ട് വ്രതം കൊണ്ടു കറുപ്പുടുത്ത അച്ഛനെ പട്ടാപ്പകൽ ഒരു ബ്ലേഡ് ഗുണ്ട തല്ലിച്ചതയ്ക്കുന്നു. അയ്യപ്പനുപോലും സങ്കടമില്ല. അച്ഛൻ മരിച്ചുകരയുന്ന കുഞ്ഞു മാളികപ്പുറത്തിന് മുന്നിലൂടെ അയാൾ ബുള്ളറ്റിന് വന്നു നോക്കി പോകുന്നു. ആർക്കും പരാതിയില്ല. ഇത്രയൊക്കെ ദുരന്തം ഉണ്ടായിട്ടും, മലകയറാൻ വ്രതമെടുത്തയാളെ സംരക്ഷിക്കാത്ത അയ്യപ്പനെ കാണുവാൻ പോകുന്ന കുട്ടികൾ.

നല്ല മിടുക്കിയായി അഭിനയിക്കേണ്ടുന്ന കല്ലുവെന്ന കുട്ടിയെ അമിതാഭിനയത്തിൽ ഓവർക്യൂട്നെസ്സ് ചേർത്ത് കല്ലുകടിപ്പിക്കുന്നുമുണ്ട്. മലയ്ക്ക് മാലയിടും മുൻപേ എരുമേലി പേട്ടതുള്ളലൊക്കെ അച്ഛന് പറഞ്ഞു കൊടുക്കുന്ന കല്ലുവിൽ അത്ഭുതം കൊള്ളുന്ന അച്ഛൻ പിന്നീട് എരുമേലിയിൽ എന്തു ചെയ്യണം എന്നു മകളെ ഉപദേശിക്കുന്നുമുണ്ട്. അച്ഛനെ കൊന്ന ഗുണ്ടയെ ഒന്നും ചെയ്യാനാകാത്ത, വീടിറക്കി വഴിയാധാരമായ അമ്മയ്ക്ക് മറ്റൊരിടം തരാത്ത ദൈവം പിന്നീട് രണ്ടു കുട്ടികളെ ഒറ്റയ്ക്ക് മല കയറാൻ വിടുന്നുണ്ട്.

അവർ തിരികെ വരും വരെ രണ്ടുവീട്ടിലെ അമ്മയും കൂട്ടരും കരഞ്ഞതൊന്നും കാണാത്ത ദൈവം കുറെ അമ്പും വില്ലും കുലച്ചങ്ങു കൂട്ടുവിട്ട അതേ അയ്യപ്പന് ആ പതിനെട്ടാം പടിയിൽ മടങ്ങിയിരുന്നുവെങ്കിൽ സിനിമയെ ഫാന്റസി തലത്തിൽ വിടാമായിരുന്നു. രണ്ടു കുരുന്നുകളുടെ തലയിൽ ഇരുമുടിയും കൊടുത്തു രണ്ടു കയ്യിൽ പിടിച്ചു സ്വന്തം ഇരുമുടി തോളിൽ ഇട്ടുപോകുന്ന ഉണ്ണി മുകുന്ദൻ സ്വാമിയാണ് മാസ്സ്.

മലയിലെ മതേതരത്വം വിളമ്പാൻ ഹനീഫ സ്വാമി വക തേങ്ങായുടയും കൂടിയായപ്പോൾ കേമമായി. തിരികെ വീട്ടിൽ വന്ന കുട്ടികൾ ഹാപ്പി. വീട്ടുകാർ ഹാപ്പി. അത്രയൊക്കെ ഒരു കുടുംബം അയ്യപ്പനിൽ സമർപ്പിച്ചിട്ടും അച്ഛൻ നഷ്ടമായ കുട്ടിക്കും കുടുംബത്തിനും അയ്യപ്പൻ എന്തു നീതി നൽകിയെന്നത് മാത്രം സങ്കടം. സ്വാമിയേ ശരണം എന്നുമാണ് പോസ്റ്റിൽ ആരാധകൻ പറയുന്നത്.