ഇന്നും രാത്രിയിലൊക്കെ കണ്ടാൽ ഭയം തോന്നിപ്പിക്കും കല്പനാ ഹൗസ്


കൽപ്പന ഹൗസ് എന്ന ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ സുനിൽ കുമാർ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, സ്വന്തമായി എക്സ്‌പോർട് കമ്പനിയും മാനേജരുമുള്ള, ശത്രുവിനെ ഫോണിൽവിളിച്ച് താക്കീത് നൽകുന്ന മാന്യനും കുലീനനുമായ ഒരു ഡ്രാക്കുള. അതായിരുന്നു പി ചന്ദ്രകുമാറിന്റെ വാമ്പയർ സങ്കല്പം.

കല്പനാ ഹൗസ് 1989 എൺപതുകളുടെ പരിമിതികൾക്കുള്ളിൽ ഒരുപാട് ഗിമ്മിക്കുകളൊന്നുമില്ലാതെ എടുത്ത പ്രേക്ഷകനെ കുറച്ചൊക്കെ ഭയപ്പെടുത്തുന്ന ഒരു ചിത്രം. 1985ൽ പുറത്തുവന്ന ഫ്രൈറ്റ് നൈറ്റ് എന്ന ഹോളിവുഡ് ചിത്രമാണ് കല്പന ഹൌസിന്റെ പ്രചോദനം. യുട്യൂബിലുള്ള പതിപ്പിൽ അരടേബിൾസ്പൂൺ മസാല മാത്രമാണുള്ളത്. ഇറങ്ങിയകാലത്ത് ചിലയിടത്തൊക്കെ നാലും അഞ്ചും സ്പൂൺ മസാലയുണ്ടായിരുന്നു എന്നാണ് അന്നത്തെ യുവകോമളന്മാരായ ഇന്നത്തെ മധ്യവയസ്കർ പറയുന്നത്.

ജഗതി, ഒടുവിൽ, സത്താർ, നന്ദിതാബോസ് തുടങ്ങിയ മുൻനിരഅഭിനേതാക്കളും ഈ ചിത്രത്തിൽ ഇടംപിടിച്ചിരുന്നു. മറ്റൊന്ന് ഡ്രാക്കുളയായിവന്ന കപിൽദേവിന്റെ പ്രകടനമായിരുന്നു. ഡ്രാക്കുളയ്ക്ക് ഇത്രയും പെർഫെക്റ്റായ ഒരു കാസ്റ്റിംഗ് വേറെയുണ്ടോ എന്ന് തോന്നിപ്പിക്കുന്നു പലപ്പോഴും. തലശ്ശേരിരാഘവൻ തിരക്കഥ രചിച്ച ചിത്രം പി സുകുമാറിന്റെ ഛായാഗ്രഹണമികവിനാലും വേറിട്ട് നിൽക്കുന്നു.

അനുമാലിക്കാണ് ചിത്രത്തിന് സംഗീതം നല്കിയതെന്നത് അത്ഭുതകരമായ ഒരു വസ്തുതയാണ്. ‘ഏതോമനോഹാരിയായിവന്നു അമാവാസിരാത്രി’ എന്ന മനോഹരഗാനം ചിത്രത്തിലുണ്ട്. ഇന്നും രാത്രിയിലൊക്കെ കണ്ടാൽ ഭയം തോന്നിപ്പിക്കും കല്പനാ ഹൗസ് എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു ആരാധകരിൽ നിന്ന് വന്നുകൊണ്ടിരിക്കുന്നത്. ഇതിലെ നായകന്മാരായ കപിൽ, ഷെഫീഖ് ഇവരൊക്കെ ഇപ്പോൾ എവിടെയാണ് എന്നാണ് ഒരാൾ ചോദിച്ചിരിക്കുന്ന ചോദ്യം.