ഇന്നും ചിത്രത്തിലെ ഗാനം വലിയ ഹിറ്റ് ആയി തന്നെ തുടരുകയാണ്


സുനിൽ കോലാട്ടുകൂടി ചെറിയാൻ എന്ന ആരാധകൻ കാക്കോത്തി കാവിലെ അപ്പുപ്പൻതാടി എന്ന ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. വേർപാടിന്റെയും പുനർസമാഗമത്തിന്റെയും കരളലിയിക്കുന്ന ‘കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ’ റിലീസ് ചെയ്‌തിട്ട് ഇന്ന് 35 വർഷം. 1988 ജനുവരി 8 -നായിരുന്നു ഫാസിൽ തിരക്കഥയെഴുതി നിർമ്മിച്ച് കമൽ സംവിധാനം ചെയ്‌ത ചിത്രത്തിന്റെ റിലീസ്.

കഥ മധു മുട്ടം. ‘നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്’ നിർമ്മിച്ച അവുസേപ്പച്ചനും സഹനിർമ്മാതാവായി ഉണ്ടായിരുന്നു. ബിച്ചു തിരുമല-ഔസേപ്പച്ചൻ ടീമിന്റെ ഗാനങ്ങൾ, രേവതിയുടെ കാക്കോത്തിയായുള്ള പെർഫോമൻസ് ചിത്രത്തെ പതിയെ ഹിറ്റിലേക്ക് നയിച്ചു. നായികാ പ്രാധാന്യമുള്ള ചിത്രത്തിന് ഇനീഷ്യൽ കളക്ഷൻ കുറവായിരുന്നെങ്കിലും മെല്ലെ മെല്ലെ ജനം ഈ ചിത്രത്തെ സ്നേഹിച്ചു തുടങ്ങുകയായിരുന്നു.

ചെറുപ്പത്തിൽ ഭിക്ഷാടനക്കാർ തട്ടിക്കൊണ്ടു പോയ അനുജത്തിയെ വർഷങ്ങൾക്ക് ശേഷം ആകസ്മികമായി കണ്ടുമുട്ടുന്ന ചേച്ചിയായി അംബികയും സ്വയംരക്ഷയ്ക്കും ചങ്ങാതിയെ രക്ഷിക്കാനുമായി തട്ടിക്കൊണ്ടുപോകലുകാരനെ കൊല്ലുന്ന അനിയത്തിയായി രേവതിയും മലയാളി മനസ്സുകളെ കീഴടക്കി. നാടകകൃത്തും നടനുമായ സുരാസുവിനെ സിനിമാ പ്രേക്ഷകർക്ക് പ്രിയങ്കരനാക്കി എന്നതിന്റെ ക്രെഡിറ്റും ‘കാക്കോത്തിക്കാവി’ന് അവകാശപ്പെട്ടതാണ്.

വില്ലൻ വേഷത്തിലൂടെ വികെ ശ്രീരാമനും ബ്രെയ്ക്ക് നൽകി ചിത്രം. ‘മിന്നിത്തിളങ്ങുമെൻ പൊന്നിൻ കിനാക്കൾക്ക് നിന്നെയാണോമനേ ഏറെയിഷ്ടം’ എന്ന് ചേച്ചി-അനിയത്തി ബന്ധത്തെ വിശേഷിപ്പിച്ച ബിച്ചുവിന്റെ കണ്ണാംതുമ്പി എന്ന ഗാനം സർവകാല ഹിറ്റാണ് എന്നുമാണ് പോസ്റ്റ്. മലയാളത്തിൽ രേവതിയുടെ ഏറ്റവും മികച്ച പ്രകടനം, ഇതിന്റ ക്യാമറ രാമചന്ദ്രബാബു അല്ലെ, സൂപ്പർ ആയിരുന്നു, ക്ലാസിക് ചിത്രം പക്ഷേ വേണ്ടത്ര ഹിറ്റായില്ല, ഈ പടം ഇറങ്ങിയതിന് ശേഷം ഒരുപാട് കാലം കേരളത്തിലെ അമ്മമാർ തങ്ങളുടെ മക്കളെ ശ്രദ്ധിക്കുന്നതിൽ കൂടുതൽ സൂക്ഷ്മത പാലിച്ചു എന്ന് പറയുന്നതിൽ തെറ്റില്ല തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.