മഴയെത്തും മുന്‍പേ സിനിമയില്‍ നായികയുടെ സംഘത്തിലെ ഒരുവള്‍

‘എല്ലാരും പോകുഞ്ചോ കുറിഞ്ചിമലയിലു തെങ്കാറ്റും പോകുഞ്ചോ കുറിഞ്ചിമലയിലു.’ മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ളൊരു ഗാനമാണിത്. ഇപ്പോഴും പ്രേക്ഷകര്‍ ആവര്‍ത്തിച്ചുകാണുന്ന ജൂനിയര്‍ മാന്‍ഡ്രേക്ക് എന്ന സിനിമയിലെ ഗാനരംഗവും നമ്മുടെ മനസ്സിലുണ്ടാകും. സിനിമയില്‍ നായകനായി എത്തിയ ജഗദീഷ് അവതരിപ്പിച്ച പ്രദീപ് എന്ന കഥാപാത്രം ആദിവാസി സംഗീതത്തില്‍ പഠനം നടത്തുന്നയാളാണ്. അതുകൊണ്ട് തന്നെ ഒരു നാടോടിപാട്ടിന്റെ പശ്ചാത്തലത്തിലാണ് ഗാനമൊരിക്കിയിരിക്കുന്നത്. ഗാനരംഗത്ത് ജഗദീഷിനൊപ്പം എത്തിയ നായികയേയും പ്രേക്ഷകര്‍ മറക്കാന്‍ ഇടയില്ല. വളരെ കുറച്ചു സിനിമകളില്‍ മാത്രം അഭിനയിച്ച് സിനിമ രംഗത്ത് നിന്ന് ബൈ പറഞ്ഞ് പോയ നിരവധി നായികമാര്‍ മലയാള സിനിമയിലുണ്ട്. അക്കൂട്ടത്തില്‍ ഒരാളാണ് ജൂനിയര്‍ മാന്‍ഡ്രേക്ക് സിനിമയില്‍ നായികയായി തിളങ്ങിയ കീര്‍ത്തി ഗോപിനാഥും. വിരലിലെണ്ണാവുന്ന സിനിമകളില്‍ മാത്രമാണ് നടി മലയാളത്തില്‍ അഭിനയിച്ചിട്ടുള്ളത്.

കോട്ടയം സ്വദേശിനിയായ കീര്‍ത്തി ഗോപിനാഥ് സിനിമകളില്‍ ചെറിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടാണ് അഭിനയ ജീവിതം തുടങ്ങുന്നത്. ചമ്പക്കുളം തച്ചന്‍, ഗോത്രം, സിഐഡി ഉണ്ണികൃഷ്ണന്‍ ബിഎ ബിഎഡ്, കിടിലോല്‍കിടിലം, കീര്‍ത്തനം തുടങ്ങിയ സിനിമകളില്‍ കീര്‍ത്തി ഗോപിനാഥ് തുടക്കകാലത്ത് അഭിനയിച്ചു. കമല്‍ സംവിധാനം ചെയ്ത മഴയെത്തും മുന്‍പേ എന്ന സിനിമയിലെ കഥാപാത്രമാണ് കീര്‍ത്തിഗോപിനാഥിന്റെ ആദ്യമായി ശ്രദ്ധിക്കപ്പെടുന്ന വേഷം. മമ്മൂട്ടി നായകനായി എത്തിയ സിനിമയില്‍ ശോഭനയും ആനിയും ആണ് നായികമാരായി തിളങ്ങിയത്. ആനി അവതരിപ്പിച്ച ശ്രുതി എന്ന കഥാപാത്രത്തിന്റെ കോളേജ് ഗ്യാങ്ങിലെ കൂട്ടുകാരി ശ്വേതയായിട്ടാണ് കീര്‍ത്തി ഗോപിനാഥ് സിനിമയില്‍ എത്തിയത്. സിനിമയുടെ ആദ്യ പകുതിയില്‍ നിരവധി രംഗങ്ങളില്‍ ശ്രുതിയോടൊപ്പം ശ്വേതയും വന്ന്‌പോകുന്നുണ്ട്. ശ്രദ്ധിക്കപ്പെടുന്ന ഒരു വേഷമായിരുന്നു അത്.

സുരേഷ്‌ഗോപി നായകനായി എത്തിയ കര്‍മ്മ എന്ന സിനിമയിലും കീര്‍ത്തി ഗോപിനാഥിനെ പിന്നീട് പ്രേക്ഷകര്‍ കണ്ടു. തിലകന്‍ അവതരിപ്പിച്ച എംആര്‍എസ് മേനോന്‍ എന്ന കഥാപാത്രത്തിന്റെ മകള്‍ ശ്രീജയായിട്ടാണ് നടി സിനിമയില്‍ എത്തിയത്. കാഞ്ഞിരപ്പള്ളി കറിയാച്ചന്‍ സിനിമയിലെ രേഖ, ആകാശത്തേക്കൊരു കിളിവാതില്‍ സിനിമയിലെ സുഭാഷിണി എന്ന കഥാപാത്രങ്ങളും പ്രേക്ഷകശ്രദ്ധ നേടി. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ഏപ്രില്‍ പത്തൊമ്പത് എന്ന സിനിമയിലെ നായികാതുല്യമായ വേഷവും പ്രേക്ഷകരുടെ ഓര്‍മ്മയില്‍ നില്‍ക്കുന്ന ഒന്നാണ്. മിനി എന്നായിരുന്നു സിനിമയിലെ കഥാപാത്രത്തിന്റെ പേര്. ദേവികേ നിന്‍ മെയ്യില്‍ വാസന്തം എന്ന സിനിമയിലെ ഗാനം ഇപ്പോഴും പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ട ഗാനങ്ങളിലൊന്നാണ്. ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റല്‍, വംശം, മന്ത്രമോതിരം തുടങ്ങിയ സിനിമകളിലും നടി പിന്നീട് അഭിനയിച്ചു.

ജൂനിയര്‍ മാന്‍ഡ്രേക്ക് എന്ന സിനിമയ്ക്ക് ശേഷം കീര്‍ത്തി ഗോപിനാഥ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സീരിയലില്‍ ഒപ്പം അഭിനയിച്ച രാഹുല്‍ എന്ന നടനെ നടി വിവാഹം കഴിച്ചു. വിവാഹത്തിന് ശേഷം കീര്‍ത്തി ഗോപിനാഥ് സിനിമയില്‍ നിന്ന് ഇടവേളയെടുത്തു. പിന്നീട് ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം നടി മിനിസ്‌ക്രീനില്‍ സജീവമായി. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത അമ്മയറിയാതെ എന്ന സീരിയലില്‍ പ്രധാന കഥാപാത്രമായി നടി തിരിച്ചുവരവില്‍ തിളങ്ങി. നീരജ മഹാദേവന്‍ എന്ന കീര്‍ത്തി ഗോപിനാഥിന്റെ കഥാപാത്രം മലയാളി സീരിയല്‍ പ്രേക്ഷകരുടെ ഇഷ്ടം നേടുകയും ചെയ്തു.

Leave a Comment