ഒരു കാലത്ത് മലയാള സിനിമയിലെ സ്ഥിരം കാര്യങ്ങൾ ആയിരുന്നു ഇതൊക്കെ


സിനി ഫൈൽ ഗ്രൂപ്പിൽ രോഹിത് കെ പി എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, കാലം മാറിയതനുസരിച്ച് സിനിമയിൽ പലതും കാണിക്കുന്നതിൽ മാറ്റം വന്നു .കറങ്ങുന്ന ഗ്ലോബുള്ള പോലീസ് സ്റ്റേഷനും പോക്കറ്റ് ഡയറി കാണിച്ചു നടക്കുന്ന രാഷ്ട്രീയക്കാരനും പച്ച ബെൽറ്റ് അരയിൽ കെട്ടി ‘സംകൃത പമഗരി ‘ പാട്ടിന്റെ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ നിൽക്കുന്ന യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിലെ കാരണവരുമൊക്കെ സിനിമയിൽ നിന്ന് കാണാതായിട്ട് കുറച്ചായി. എന്നാലും ജൂനിയർ വക്കീലന്മാരെ സിനിമകളിൽ കാണിക്കുന്ന രീതിക്ക് വലിയ മാറ്റങ്ങളൊന്നും ഉണ്ടായതായി തോന്നിയിട്ടില്ല.

പല സിനിമകളിലും ജൂനിയർ വക്കീലന്മാർ ഒരു കോമഡി പീസാണ് .സംവിധാകന്റെ അടുത്ത് ഡേറ്റ് കാത്തു നിൽക്കുന്ന പുതുമുഖ നടനെപ്പോലെ കേസിന് വേണ്ടി ഓരോരുത്തരുടെ പിന്നാലെ നടക്കുന്നവരാണ് ജൂനിയർ വക്കീലന്മാർ എന്ന ധാരണ പൊതുവെ ഈ സിനിമാക്കാർ കാണിച്ചു വെച്ചിട്ടുണ്ട് .അതുപോലെ തന്നെ ഏതെങ്കിലും ഒരു കേസ് വിജയിച്ചാൽ ഉടനെ അടുത്ത ദിവസം തൊട്ട് അയാൾ ഏറ്റവും തിരക്കുള്ള വക്കീൽ ആകും എന്ന മിഥ്യാ ധാരണയും സിനിമകൾ നമുക്ക് സമ്മാനിച്ചിട്ടുണ്ട് . എന്താണ് ഒരു ജൂനിയർ അഭിഭാഷകൻ , അവരുടെ ജോലി എന്താണ് എന്നൊക്കെയുള്ള കാര്യങ്ങളിൽ ആളുകൾ കുറച്ചു കൂടി അപ്‌ഡേറ്റഡ് ആകേണ്ടതുണ്ട്.

ആദ്യമായി പറയട്ടെ , ശരിക്കും ഈ ജൂനിയർ വക്കീൽ എന്ന ടാഗ് ഇല്ല . എൻറോൾ ചെയ്‌താൽ അയാൾ ഒരു സാധാരണ വക്കീൽ ആണ് . എന്നാലും ഒരു ജെനെറൽ മീനിങ്ങിൽ എല്ലാവരും അത് ഉപയോഗിക്കുന്നുണ്ട്. പിന്നെ സീനിയർ എന്ന ടാഗ് പ്രായം കൂടിയ എല്ലാവരെയും നമ്മൾ വിളിക്കാറുള്ള ഒന്നാണ് . എന്നാൽ ടെക്നിക്കലി സീനിയർ എന്ന പദവി ഹൈക്കോടതി അംഗീകരിച്ച ഡിസൈനേറ്റഡ് സീനിയർ എന്ന ലിസ്റ്റിൽ ഉൾപ്പെട്ടവർക്കാണ്. സകല ആത്മാഭിമാനവും പണയം വെച്ച് നിങ്ങൾ എനിക്ക് കേസ് തരണം പ്ലീസ് എന്ന് യാചിക്കുന്ന ജൂനിയര്മാരെ നിങ്ങൾക്ക് ഇപ്പോൾ സിനിമയിൽ മാത്രമേ കാണാൻ സാധിക്കുകയുള്ളൂ.

ഞാൻ കണ്ടിട്ടുള്ളവരൊക്കെ ‘നിങ്ങൾ ഏൽപ്പിച്ചാൽ നടത്തി തരാം’ എന്ന ആറ്റിറ്റിയൂഡ് ഉള്ളവരാണ് . അല്ലാതെ അവസരം ചോദിച്ച് നടക്കുന്നവരല്ല ജൂനിയർ വക്കീലന്മാർ. കക്ഷിയുടെ വീട്ടിൽ വന്ന് യാചിക്കാനും അയാൾ പോകുന്നിടത്ത് പിന്നാലെ ചെന്ന് കേസിന്റെ കാര്യങ്ങൾ പറയാനും തരുന്ന ഫീസ് എന്തോ ഔദാര്യം കൈപ്പറ്റുന്ന പോലെ വാങ്ങി പോക്കറ്റിൽ വെക്കാനും ഉള്ള ആളുകൾ അല്ല ജൂനിയർ വക്കീലന്മാർ . ആ ഒരു മനോഭാവം വെച്ച് വക്കീലന്മാരെ സമീപിച്ചാൽ നല്ല തെറി കിട്ടാൻ സാധ്യതയുണ്ട് .കാശുള്ളവൻ ‘എഡോ വക്കീലേ’ എന്ന് വിളിക്കുമ്പോൾ കുനിഞ്ഞ് ഓച്ഛാനിച്ച് ഓടി വരുന്ന വക്കീലന്മാരെ നിങ്ങൾക്ക് സിനിമയിൽ കാണിക്കാൻ നല്ല രസമായിരിക്കും നേരിട്ട് നിങ്ങൾക്ക് അങ്ങനെ കാണാൻ കഴിഞ്ഞെന്ന് വരില്ല.

സീനിയർ വക്കീലന്മാർ ജൂനിയേഴ്‌സിന് ഗുരുവാണ് . സീനിയറിന്റെ ഓഫിസിലെ കേസ് നടത്താനും അദ്ദേഹത്തെ കേസിൽ സഹായിക്കാനുമാണ് ജൂനിയേഴ്‌സ് പോകാറുള്ളത് . അല്ലാതെ ‘യെസ് യുവർ ഓണർ ‘ അടക്കമുള്ള പല സിനിമകളിൽ കാണിക്കുന്ന പോലെ വീട്ടു ജോലി ചെയ്യാനും ഡ്രൈവ് ചെയ്യാനുമുള്ള ആളുകൾ അല്ല ജൂനിയേഴ്‌സ് . ഇനി പണ്ടൊരു കാലത്ത് അങ്ങനെ ഉണ്ടായിരുന്നെങ്കിൽ പോലും അതൊക്കെ മാറിയിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടുണ്ട്. ലോകത്തുള്ള എല്ലാ ജൂനിയർ വക്കീലന്മാരും കക്ഷികളെ ചാക്കിട്ട് പിടിക്കാൻ നടക്കുന്നു എന്ന ധാരണയും തെറ്റാണ്.

കോർപ്പറേറ്റ് സ്റ്റൈലിൽ ഉള്ള വക്കീൽ ഓഫീസുകളിൽ വെറും എഗ്രിമെന്റ് തയ്യാറാക്കി മാത്രം വലിയ രീതിയിൽ സമ്പാതിക്കുന്ന ഇഷ്ടം പോലെ യുവ അഭിഭാഷകരുണ്ട് . കോപ്പി റൈറ്റ് കാര്യങ്ങൾ ചെയ്തും ലീഗൽ ഡ്രാഫ്റ്റിംഗ് നടത്തിയും മാത്രം നല്ല രീതിയിൽ ജീവിക്കുന്ന ആളുകളെ പലർക്കും അറിയില്ല . ശരിയാണ് പ്രഫഷണൽ ഫീൽഡിൽ ആദ്യ കാലത്ത് പലർക്കും വരുമാനം കുറവുള്ള ഫീൽഡാണ് വക്കീൽ പണി. പക്ഷേ അവരാരും ആത്മാഭിമാനം ഇല്ലാത്തവരല്ല.ഇതേ പോലുള്ള പ്രശ്നങ്ങൾ ഇപ്പോൾ ജൂനിയർ ഡോക്ട്ടർമാരടക്കം അനുഭവിക്കുന്നുണ്ട്. എന്നാലും സിനിമാക്കർക്ക് ഇപ്പോഴും സ്ട്രഗിൾ ചെയ്യുന്നവർ ജൂനിയർ അഭിഭാഷകർ മാത്രമാണ് എന്നുമാണ് പോസ്റ്റ്.