നിരവധി മലയാള സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റ് ആയി എത്തിയിട്ടുണ്ട് എങ്കിലും പ്രേഷകരുടെ ഇടയിൽ ശ്രദ്ധ നേടാത്ത നിരവധി താരങ്ങൾ ആണ് സിനിമയിൽ ഉള്ളത്. ഇത്തരത്തിൽ ഒരു താരത്തിനെ കുറിച്ച് മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സുബിൻ ജി കെ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, വാഴവേലിക്കകം ശരത്ചന്ദ്രബാബു എന്നാണ് യഥാർത്ഥ നാമം. അമ്പലപ്പുഴ രാജു എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടത്. അമ്പലപ്പുഴയുടെ കലാ സാംസ്ക്കാരിക സംഘടനയായ എയ്സ്ന്റെ പ്രിയപ്പെട്ട നടൻ ആയിരുന്നു അദ്ദേഹം. ഓണാഘോഷ വേളയിൽ എയ്സ് അവതരിപ്പിച്ചിരുന്ന “ഓലപ്പാമ്പ്”, “പഞ്ചതന്ത്രം”, “എന്റർ ട്രിവാൻഡ്രം സിറ്റി”, “സമസ്യ”, “ചലനം”, “അൾത്താര” എന്നീ നാടകങ്ങളിലെ പ്രധാന കഥാപാത്രമായും.
കഞ്ഞിപ്പാടം അനുപമ, അമ്പലപ്പുഴ സരിതാ തിയറ്റേഴ്‌സ്‌ന്റെ “ദി ഷെൽ” എന്ന നാടകത്തിലും, അമ്പലപ്പുഴ ദർശനയുടെ നൃത്ത നാടകത്തിലും, അമ്പലപ്പുഴ രശ്മി തിയറ്റേഴ്സിന്റെ “ക്രാന്തി” എന്ന ആക്ഷേപഹാസ്യനാടകത്തിലും അഭിനയ മികവ് കൊണ്ട് രാജു ജനശ്രദ്ധ നേടിയിരുന്നു. ഈ കാലയളവിൽ ആണ് പ്രിയദർശന്റെ “പൂച്ചക്കൊരു മൂക്കുത്തി” എന്ന ചിത്രത്തിൽ അവസരം ലഭിച്ചത്. ചിത്രത്തിലെ ലോഡ്ജ് മുതലാളി ചെല്ലപ്പയ്യർ ശ്രദ്ധിക്കപ്പെട്ട വേഷം ആയിരുന്നു.
തുടർന്ന് പ്രിയന്റെ തന്നെ “ഓടരുതാമ്മാവാ ആളറിയാം” ലെ ഹിന്ദി മാസ്റ്റർ, “അയൽവാസി ഒരു ദരിദ്ര വാസി” യിലെ വക്കീൽ, “പുന്നാരം ചൊല്ലി ചൊല്ലി” യിലെ പഞ്ചായത്ത് പ്രസിഡണ്ട്, “ധീം തരികിട തോം” ലെ ബാലെ ട്രൂപ്പിലെ അംഗം, “കാക്കക്കുയിൽ” ലെ കടക്കാരൻ, “വെട്ട”ത്തിലെ സ്റ്റേഷൻ മാസ്റ്റർ. ഇവയൊക്കെ ശ്രദ്ധിക്കപ്പെട്ട വേഷങ്ങൾ ആയിരുന്നു. ഹൈസ്കൂൾ വിദ്യാഭ്യാസം മാത്രമുണ്ടായിട്ടും സംഗീതത്തിലും വേദങ്ങളിലും ഉപനിഷത്തുക്കളിലും ഭഗവത് ഗീതയിലും നല്ല പാണ്ഡിത്യുണ്ടായിരുന്നു അദ്ദേഹത്തിന്.
സംഗീതത്തിൽ സ്വരസ്ഥാനത്തിലും, രാഗ നിശ്ചയത്തിലും അദ്ദേഹത്തിന്റെ കഴിവ് പ്രശംസനീയം തന്നെയായിരുന്നു. സിനിമയിലെ വേഷങ്ങൾ വിട്ടതിനു ശേഷം അമ്പലപ്പുഴയിൽ തന്നെയായിരുന്നു ശിഷ്ടകാലം കഴിഞ്ഞത്. 2015 ൽ അദ്ദേഹം അന്തരിച്ചു എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നത്. അമ്പലപ്പുഴ സ്വദേശി. പ്രിയദർശൻ സാറിന്റെ ബന്ധു ആണ് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.