താനൊരു സിനിമാതാരമാകുമെന്ന് സ്‌കൂളിലെ ബഞ്ചില്‍ എഴുതിവെച്ചു കാത്തിരുന്ന നടി

മലയാള സിനിമ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട സിനിമകളില്‍ ഒന്നാണ് ജോസഫ്. ജോജു ജോര്‍ജിലെ നടനെ അടയാളപ്പെടുത്തിയ സിനിമ കൂടിയായിരുന്നു ജോസഫ്. നടന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് സിനിമയിലെ നായക കഥാപാത്രം. സിനിമ പോലെ തന്നെ അതിലെ പാട്ടുകളും ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചിരുന്നു. ഇപ്പോഴും മലയാളികളുടെ ഇഷ്ട ഗാനങ്ങളില്‍ ഒന്നാണ് പൂമുത്തോളെ നീയെരിഞ്ഞ വഴിയില്‍ ഞാന്‍ മഴയായി പെയ്‌തെടീ എന്ന ഗാനം. അതില്‍ ജോസഫിന്റെ ഭാര്യ സ്റ്റെല്ലയായി, സിനിമയിലെ നായികയായി എത്തിയ നടിയേയും മലയാളികള്‍ മറക്കാന്‍ ഇടയില്ല. ജോര്‍ജു ജോര്‍ജിന്റെ നായികയായി ജോസഫില്‍ തിളങ്ങിയ നടിയുടെ പേര് ആത്മിയ രാജന്‍ എന്നാണ്. താന്‍ സിനിമയിലെത്തും എന്ന് ചെറുപ്പകാലം മുതല്‍ തന്നെ സ്വപ്‌നം കണ്ട ഒരാളായിരുന്നു ആത്മിയ രാജന്‍. കണ്ണൂര്‍ സ്വദേശിനിയായ നടിയുടെ ജീവിതത്തിലെ വലിയ ആഗ്രഹം സിനിമ മാത്രമായിരുന്നു.

സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ കലാപ്രവര്‍ത്തനങ്ങളില്‍ ആത്മീയ സജീവമായിരുന്നു. സിനിമയിലേക്കുള്ള പടവുകളായിരുന്നു നടിക്ക് അതെല്ലാം. ക്ലാസ് മുറിയില്‍ ഡസ്‌കിന് മുകളില്‍ താന്‍ സിനിമ താരമാകും എന്ന് ആത്മീയ രാജന്‍ കുറിച്ചിട്ടു. നടിക്ക് സിനിമയിലെത്തുമെന്ന് അത്ര ആത്മ വിശ്വാസമായിരുന്നു. പ്ലസ്ടു പഠനത്തിന് ശേഷം ആത്മീയ രാജന്‍ നേഴ്‌സിങ്ങിന് ചേര്‍ന്നു. എന്നാല്‍ അപ്പോഴും മനസ്സ് മുഴുവന്‍ സിനിമ തന്നെയായിരുന്നു. ഒടുവില്‍ ആ പെണ്‍കുട്ടിയെ തേടി സിനിമയെത്തി. അതും ആരും ആഗ്രഹിക്കുന്ന ഒരു സംവിധായകനൊപ്പം. മലയാള സിനിമയില്‍ നിരവധി ക്ലാസിക്കുകള്‍ സമ്മാനിച്ച സംവിധായകന്‍ ഐവി ശശിയുടെ വെള്ളത്തൂവല്‍ ആയിരുന്നു ആ സിനിമ. സംവിധായകന്റെ അവസാനത്തെ സിനിമയുമായിരുന്നു അത്. രശ്മി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് സ്വപ്‌നതുല്യമായ തുടക്കം ആത്മീയ രാജന്‍ നടത്തി.

എന്നാല്‍ സിനിമ പ്രേക്ഷക ശ്രദ്ധ നേടിയില്ല. എന്നാല്‍ നടി തോറ്റ് പിന്മാറാന്‍ തയ്യാറായിരുന്നില്ല. വീണ്ടും വീണ്ടും സിനിമയ്ക്കായി ശ്രമിച്ചുകൊണ്ടേ ഇരുന്നു. ആദ്യ സിനിമ കഴിഞ്ഞ് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം അടുത്തൊരു അവസരം നടിയെ തേടി വന്നു. എന്നാല്‍ മലയാളത്തില്‍ നിന്നായിരുന്നില്ല അത്. ശിവകാര്‍ത്തികേയന്‍ നായകനാകുന്ന തമിഴ് സിനിമയായിരുന്നു അത്. മനംകൊത്തി പറവൈ എന്ന ആ സിനിമയിലൂടെ ആത്മീയ രാജന്‍ നായികയായി തമിഴിലും തുടക്കം കുറിച്ചു. രേവതി എന്ന കഥാപാത്രമായിട്ടാണ് നടി സിനിമയില്‍ എത്തിയത്. ശിവകാര്‍ത്തികേയന്‍ എന്ന നടന്റെ കരിയറിലെ ആദ്യത്തെ കോമേഴ്‌സ്യല്‍ വിജയം നേടിയ സിനിമയായി മനം കൊത്തി പറവൈ മാറി. ആ സിനിമയ്ക്ക് ശേഷം ആത്മീയ രാജന്‍ വീണ്ടും മലയാളത്തില്‍ തിരിച്ചെത്തി.

വലിയൊരു ഇടവേളയ്ക്ക് ശേഷം രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്ത റോസ് ഗിത്താറിനാല്‍ എന്ന സിനിമയില്‍ നായികയായിട്ടായിരുന്നു ആ വരവ്. എന്നാല്‍ മലയാളത്തിലേക്കുള്ള തിരിച്ച് വരവ് വീണ്ടും നടിക്ക് നിരാശയാണ് സമ്മാനിച്ചത്. സിനിമ വലിയ പരാജയം നേടുകയുണ്ടായി. പൊങ്കാടി നീങ്കളും ഉങ്ക കാതലും എന്ന സിനിമയിലൂടെ വീണ്ടും ആത്മീയ രാജന്‍ തമിഴില്‍ സിനിമയില്‍ തിരിച്ചെത്തി. എന്നാല്‍ തമിഴിലെ ആദ്യ സിനിമയിലെ വിജയം ഇത്തവണ ആവര്‍ത്തിക്കാനായില്ല. മലയാളത്തില്‍ അമീബ എന്നൊരു സിനിമയില്‍ കൂടി ആത്മീയ രാജന്‍ അഭിനയിച്ചു. എന്നാല്‍ നടിക്ക് വലിയ വഴിത്തിരിവ് സമ്മാനിച്ചത് പിന്നീട് എത്തിയ ജോസഫ് സിനിമയിലെ നായിക വേഷമായിരുന്നു. അതിന് ശേഷം മാര്‍ക്കോണി മത്തായി, കോള്‍ഡ് കേസ് തുടങ്ങിയ സിനിമകളിലും ആത്മീയ രാജന്‍ അഭിനയിച്ചു. മലയാളത്തിലും തമിഴിലും ഒരുപിടി സിനിമകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

Leave a Comment