മലയാള സിനിമയിലെ ഇന്നും നികത്താൻ ആകാത്ത നഷ്ടങ്ങളിൽ ഒന്നാണ് ജയന്റെ വിയോഗം. ഇന്നും ജയന്റെ സിംഹാസനം മലയാള സിനിമയിൽ ഒഴിഞ്ഞു തന്നെ കിടക്കുകയാണ്. ഒരു പാട് വർഷങ്ങൾ ഒന്നും ജയൻ മലയാള സിനിമയിൽ സജീവമായി നിന്നില്ല എങ്കിലും കുറച്ച് വർഷങ്ങൾ കൊണ്ട് താരം സൂപ്പർസ്റ്റാർ പദവിയിലേക്ക് ഉയർന്നിരുന്നു. ഓരോ സിനിമ കഴിയും തോറും ജയനോളം താരമൂല്യം കൂടി വന്ന മറ്റൊരു നടനും ഇല്ല എന്ന് തന്നെ പറയാം.
ഇപ്പോഴിതാ ജയൻ ഈ ലോകത്തിൽ നിന്ന് വിട പറഞ്ഞിട്ട് നാൽപത്തി രണ്ടു വര്ഷം പിന്നിട്ടിരിക്കുകയാണ്. ഈ അവസരത്തിൽ ഇന്നും നിരവധി പേരാണ് ജയന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് കൊണ്ട് എത്തിയിരിക്കുന്നത്. ഇപ്പോഴിതാ സിനി ഫൈൽ ഗ്രൂപ്പിൽ ജയനെ കുറിച്ച് വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. അനന്ദു എന്ന ആരാധകന്ന് ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, നട്ടുച്ചക്ക് അസ്തമിച്ച സൂര്യനായത് കൊണ്ടാകാം മലയാളിക്ക് ജയൻ ഒരു കൾട്ടായി മാറിയത്. മരിച്ച് പതീറ്റാണ്ടുകൾ കഴിഞ്ഞും ഇത്രമാത്രം അനുകരിക്കപ്പെടുകയും ആരാധിക്കപ്പെടുകയും ചെയ്ത സിനിമാ താരങ്ങൾ ലോക ചരിത്രത്തിൽ തന്നെ വിരളമാണ്. ഞാനൊക്കെ ജനിക്കുന്നതിന് മുമ്പേ മരിച്ച് പോയ ആളാണ് ജയൻ. എന്റെ അറിവ് ശരിയാണെങ്കിൽ പ്രേം നസീറിനേ പോലെയോ മമ്മൂട്ടി – മോഹൻലാൽ ദ്വയത്തെ പോലെയോ ആബാലവൃദ്ധം ജനങ്ങളുടെയും ഇഷ്ട താരമായ ഒരാളായിരുന്നില്ല ജയൻ.
പക്ഷേ, അക്കാലത്തെ യുവതീയുവാക്കളുടെ ഹരമായിരുന്നു. അദ്ഭുതകരമെന്ന് പറയട്ടെ കാലാകാലങ്ങളിലെ യുവ ജനതയാണ് എന്നും ജയന്റെ ആരാധകർ. 2010 – ൽ റിലീസ് ചെയ്ത ” ബെസ്റ്റ് ആക്ടർ ” എന്ന മമ്മൂട്ടി ചിത്രത്തിന്റെ ടൈറ്റിൽ കാർഡിൽ ജയന്റെ ഫോട്ടോ കാണിച്ചപ്പോൾ തീയറ്ററിലുണ്ടായ ആരവം നായകന്റെ ഇൻട്രൊ സീനിന് പോലും ഉണ്ടായിരുന്നില്ല. അപ്പോൾ 80കളിലെ സ്ഥിതി പറയേണ്ടതില്ലല്ലോ. 80 കളിൽ ഓരോ ഗ്രാമത്തിലും മിനിമം ഒരു ജയൻ വീതം ഉണ്ടായിരുന്നിരിക്കണം, നടപ്പിൽ, നോട്ടത്തിൽ, ഭാവത്തിൽ, ഡ്രസ്സിംഗിൽ സ്റ്റൈലിൽ അങ്ങനെയങ്ങനെ എന്നുമാണ് പോസ്റ്റ്.