ഡിയർ ഫ്രണ്ടിൽ ടോവിനോ തോമസ് അവതരിപ്പിച്ച വിനോദ് നായകനാണോ അതോ പ്രതിനായകനോ


ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി വിനീത് കുമാര്‍ സംവിധാനം ചെയ്‍ത ചിത്രമാണ് ഡിയര്‍ ഫ്രണ്ട്, ജൂണ്‍ 10ന് തിയറ്ററുകളില്‍ എത്തിയ ചിത്രത്തിന് തിയറ്ററുകളില്‍ മോശം പ്രതികരണമാണ് ലഭിച്ചിരുന്നത്. ടൊവിനോ തോമസ്, ദര്‍ശന രാജേന്ദ്രന്‍, ബേസില്‍ ജോസഫ് തുടങ്ങിയ ശ്രദ്ധേയ താരനിരയുണ്ടായിട്ടും ഫഹദ് നായകനായ അയാള്‍ ഞാനല്ല ഒരുക്കിയ വിനീത് കുമാറിന്‍റെ രണ്ടാം ചിത്രം ആയിരുന്നിട്ടും തിയറ്ററുകളിലേക്ക് പ്രേക്ഷകര്‍ എത്തിയില്ല. മെയിന്‍ സെന്‍ററുകളില്‍ പോലും കാണികളുടെ എണ്ണം തികയാത്തതിനാല്‍ ഷോ മുടങ്ങുന്ന സാഹചര്യം പോലുമുണ്ടായിരുന്നു.

കമല്‍ ഹാസന്‍റെ വന്‍ കാന്‍വാസ് ചിത്രം തിയറ്ററുകളില്‍ തരംഗം തീര്‍ത്ത സമയമാണ് എന്നതും ഡിയര്‍ ഫ്രണ്ടിന് പ്രേക്ഷകരെ ലഭിക്കാത്തതിന് ഒരു കാരണമായിരുന്നു, അതിനു ശേഷം ചിത്രം ഒടിടി റിലീസ് ചെയ്യുക ആയിരുന്നു, ഒടിടി റിലീസിനു ശേഷം സോഷ്യല്‍ മീഡിയ സിനിമാഗ്രൂപ്പുകളില്‍ മുഴുവന്‍ ഈ ചിത്രത്തെക്കുറിച്ചുള്ള ചർച്ചകൾ ആയിരുന്നു നടന്നത്, വീണ്ടും ചിത്രത്തിനെക്കുറിച്ച് ഒരു സിനിമ ഗ്രൂപ്പിൽ ജിഷ്ണു ഉണ്ണി പങ്കുവെച്ച പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്. ജിഷ്ണുവിന്റെ വാക്കുകൾ ഇങ്ങനെ, നിങ്ങളുടെ സുഹൃത്തിനെ നിങ്ങൾക്ക് എത്രത്തോളം അറിയാം…?

ഈ ഒരൊറ്റ ചിന്തയിൽ നിന്ന് പുരോഗമിച്ച കഥയും തിരക്കഥയും. ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന കഥാപാത്രങ്ങൾ. ഡിയർ ഫ്രണ്ട് എത്ര മനോഹരമാണ്. എന്നും കൂടെയുണ്ടാകും എന്ന് വാഗ്ദാനങ്ങൾ തന്ന ഒരുപാട് കൂട്ടുകാർ നമ്മുക്കും ഉണ്ടായിട്ടുണ്ട്, പക്ഷെ കാലത്തിന്റെ ഒഴുക്കിൽ അഥവാ സ്വാർത്ഥ താൽപര്യങ്ങളുടെ പിടിച്ചുവലിയിൽ അവരിൽ പലരും വേറിട്ട വഴിക്ക് നടന്നകലുന്നു. അവിടെയാണ് വിനോദ് എന്ന കഥാപാത്രത്തിന്റെ പ്രസക്തി. ബന്ധങ്ങൾ വെറും താത്കാലികമാണെന്ന് ബോധമുണ്ടായിട്ടും വിനോദ് ആരെയും വേദനിപ്പിക്കാൻ ശ്രമിക്കുന്നില്ല.

പകരം അവരുടെ കൂടെയുള്ള നിമിഷങ്ങൾ ഓരോന്നും പ്രിയപ്പെട്ടതാക്കി മാറ്റുന്നു. കള്ളുകുടിച്ച് വിഷമങ്ങൾ ഉരുവിട്ട സജിത്തിനെ പോലും ചേർത്ത് പിടിച്ച ശേഷമാണ് വിനോദ് അവരുടെ ജീവിതത്തിൽ നിന്നും പടിയിറങ്ങുന്നത്. മാത്രമല്ല അവസാനം എഴുതിയ കത്തിൽ അവൻ കൂട്ടി ചേർത്തു – ‘നിങ്ങളുടെ കൂടെ ചിലവിട്ട ഓരോ നിമിഷങ്ങളും എനിക്ക് വിലപ്പെട്ടതായിരിക്കും, നല്ല ഓർമകൾക്ക് നന്ദി’ എന്ന്. ഒരു പ്രത്യേക ഉദ്ദേശ്യത്തിൽ സൗഹൃദങ്ങൾ കെട്ടി പടുക്കുകയും അത് പിന്നീട് ആത്മാർത്ഥമായി മാറുകയും ചെയ്ത ചരിത്രങ്ങളുമുണ്ട്. ഒരുപക്ഷേ വിനോദിന്റെ ജീവിതത്തിൽ നടന്നത് അതായിരിക്കില്ലേ ?

പക്ഷെ വിഷയം അതല്ല, അത്തരം സൗഹൃദങ്ങളിൽ സത്യം തിരിച്ചറിയുമ്പോൾ അത് അപ്പുറത്തുള്ളവനെ എങ്ങനെ ബാധിക്കും എന്നത് കൂടി ഓർക്കേണ്ടതാണ്. വിനോദിനെ ന്യായികരിക്കാൻ പറ്റാതെ വരുന്നത് ഈയൊരു സാഹചര്യത്തിലാണ്. ഇങ്ങനെ ഒരു കാലഘട്ടത്തിൽ ജീവിക്കുമ്പോൾ ടോവിനോ തോമസ് അവതരിപ്പിച്ച വിനോദ് നായകനോ അതോ പ്രതിനായകനോ എന്ന് തീരുമാനിക്കേണ്ടത് നമ്മളിലെ പ്രേക്ഷകൻ തന്നെയാണ്. അനുഭവങ്ങളുടെ വെളിച്ചത്തിൽ…