വിക്രം നായകനായി എത്തിയ ഭീമ എന്ന ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പ് ആയ മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഷാജു സുരേന്ദ്രൻ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, 2005 ൽ “അന്യൻ” സിനിമയുണ്ടാക്കിയ ഓളം അതേ വർഷം തന്നെ ഇറങ്ങിയ മജാ എന്ന വിക്രം ചിത്രത്തിന് ഉണ്ടാക്കാനായില്ല. എന്നാലും ആക്കാലത്തെ ഓരോ വിക്രം ചിത്രങ്ങളിലും പ്രേക്ഷകർ പ്രതീക്ഷിച്ചത് മറ്റൊരു “അന്യൻ” തന്നെയായിരുന്നു.
ഏറെ ആകാംക്ഷയോടെയാണ് ഭീമയുടെ അണിയറ വാർത്തകളെ പ്രേക്ഷകർ വരവേറ്റത്. സണ്ടക്കോഴി എന്ന സൂപ്പർ ഹിറ്റിന് ശേഷം ലിങ്കുസ്വാമി വിക്രമുമായി ഒന്നിക്കുന്നു എന്ന് കേട്ടത് മുതൽ പ്രേക്ഷകർ ഭീമ ഇറങ്ങാൻ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന അവസ്ഥയിലായി. ഓൺലൈൻ സിനിമാ പോർട്ടലുകളിൽ വന്ന കിടിലൻ ഫസ്റ്റ് ലുക്ക് സ്റ്റില്ലുകളൊക്കെ ഇന്നും ഓർക്കുന്നു. അതൊക്ക സിനിമയെക്കുറിച്ചുള്ള പ്രതീക്ഷികളെ വാനോളം ഉയർത്തി. എന്നാൽ നിർമ്മാണ പ്രശ്നങ്ങൾ കാരണം, പ്രഖ്യാപിച്ച് എതാണ്ട് മൂന്ന് വർഷത്തോളം കഴിഞ്ഞാണ് സിനിമ റിലീസായത്. ഏതാണ്ട് രണ്ടര വർഷം കഴിഞ്ഞ് ഒരു വിക്രം സിനിമ. 2008 പൊങ്കലിന് റിലീസായ പടം ആദ്യ ദിനം തന്നെ കണ്ടിരുന്നു.
നല്ല പ്രൊഡക്ഷൻ വാല്യുവും, മികച്ച ഗാനങ്ങളും, ഗാന – സംഘട്ടന രംഗങ്ങളും, അഭിനേതാക്കളുടെ ഉഗ്രൻ പ്രകടനവും ഒക്കെചേർന്ന്, വ്യക്തിപരമായി, ഗംഭീര തീയറ്റർ എക്സ്പീരിയൻസ് തന്ന സിനിമയായിരുന്നു ഭീമ. സിമ്പു നടിച്ച കാളൈ, ചേരന്റെ പിരിവോം സന്ധിപ്പോം, ഭരത്തിന്റെ പഴനി, പിടിച്ചിറുക്ക് എന്നിവയായിരുന്നു മറ്റ് പൊങ്കൽ റിലീസുകൾ. പ്രകാശ് രാജിൻ്റെ റോളിൽ തൻ്റെ ആദ്യ ചിത്രത്തിലെ നായകനായി അഭിനയിച്ച മമ്മൂട്ടിയെ ആയിരുന്നു ലിങ്കുസ്വാമി ആദ്യം പരിഗണിച്ചത്. മമ്മൂട്ടി ദളപതിയിൽ ചെയ്ത ഏതാണ്ട് അതേ ടൈപ്പിലുള്ള കഥാപാത്രമായത് കൂടിക്കൊണ്ടാവും അദ്ദേഹം ഭീമയിൽനിന്ന് പിന്മാറി. എന്തായാലും സിനിമയിൽ വിക്രം – പ്രകാശ് രാജ് ഗംഭീര കെമിസ്ട്രി തന്നെയായിരുന്നു.
ചിന്ന എന്ന നല്ലവനായ ഗാങ്ങ്സ്റ്ററായി പ്രകാശ് രാജ് സ്വതസിദ്ധമായ ശൈലിയിൽ തിളങ്ങിയപ്പോൾ, കുട്ടിക്കാലം മുതൽ അയാളുടെ ആരാധകനായിരുന്ന, പിൽക്കാലത്ത് അയാളുടെ പ്രധാന അനുയായിയായി മാറുന്ന ശേഖർ എന്ന കരുത്തൻ കഥാപാത്രമായി വിക്രം വെട്ടിത്തിളങ്ങി. ഒരു ഫിയർലെസ്സ് ഗ്യാങ്സ്റ്ററുടെ ലുക്കും, ബോഡി ലാംഗ്വേജും ഒക്കെ വരുത്തി നല്ല കട്ട മക്കോ ലുക്കിൽ വിക്രം സിനിമയിൽ നിറഞ്ഞു നിന്നു. സ്ഥിരം ഗ്ലാമർ നായിക വേഷത്തിൽ തൃഷയും ഉണ്ടായിരുന്നു. കൂടെ അനിയത്തി വേഷത്തിൽ സനുഷയും. പ്രിയ നടൻ രഘുവരനെ അവസാനമായി ഞാൻ ബിഗ് സ്ക്രീനിൽ കണ്ടത് ഈ ചിത്രത്തിലായിരുന്നു. പെരിയവർ എന്ന വില്ലൻ കഥാപാത്രം പതിവ് പോലെ അദ്ദേഹം ഗംഭീരമാക്കി.
ആശിഷ് വിദ്യാർത്ഥി, ലക്ഷ്മി ഗോപാലസ്വാമി, തലൈവാസൽ വിജയ് തുടങ്ങിയ നീണ്ട താരനിരയെ തന്നെ സിനിമയിൽ അണിനിരത്തി. ലാലു അലക്സിനും ഉണ്ടായിരുന്നു ഒരു പോലീസ് വേഷം. തീരെ പുതുമയില്ലാത്ത കഥയും, നായകനും, നായികയുമുൾപ്പെടെയുള്ള പ്രധാന കഥാപാത്രങ്ങൾ ദാരുണമായി കൊല്ലപ്പെടുന്ന ക്ലമാക്സും പടത്തിന് വിനയായി. ആദ്യ ദിനങ്ങളിൽ വമ്പൻ കളക്ഷൻ നേടിയ ഭീമയെ ഒരു ആവറേജ് സിനിമയായി പ്രേക്ഷകരും, വിമർശകരും ഒരുപോലെ വിലയിരുത്തി. പടം തീയറ്ററുകളിൽ ഒരു ബിലോ ആവറേജ്- ഫ്ലോപ്പ് വേർഡിക്റ്റ് നേടി പ്രദർശനം അവസാനിപ്പിച്ചു.
ദളപതി, ദീന, ജില്ല ഒക്കെപ്പോലെ ഇതിന് മുൻപും, ശേഷവും ഇതേ ടെംപ്ലേറ്റിൽ തമിഴിൽ കുറേ പടങ്ങൾ വന്ന് പോയെങ്കിലും, കൂട്ടത്തിൽ ദളപതി കഴിഞ്ഞാൽ ഏറ്റവും ഇഷ്ടം ഇന്നും ഭീമ തന്നെ. കൊടുത്ത പൈസ മുതലായി എന്ന് തോന്നിയ പടം. വിക്രത്തിനെ ഏറ്റവും സ്റ്റൈലിഷ് ലുക്കിൽ കണ്ട ചിത്രങ്ങളിൽ ഒന്ന് ഭീമയാണ്. ആക്കാലത്ത് പലരും മോശം പറഞ്ഞ ക്ലൈമാക്സൊക്കെ ഏറെ ഇഷ്ട്ടപ്പെട്ടു. സ്ഥിരം പറ്റേണിൽ നിന്ന് മാറിയുള്ള, RGV യുടെ സത്യ ടച്ചൊക്കെയുള്ള, ഒരു റിയലിസ്റ്റിക് ഫീൽ തരുന്ന, കിടിലൻ ക്ലൈമാക്സ്. കഥയുടെ പുതുമയില്ലായ്മയും, പല സിനിമകളിലും കണ്ട് മറന്ന ടൈപ്പ് കഥാപാത്രങ്ങളും മാത്രമാണ് ഒരു പോരായ്മയായി തോന്നിയത് എന്നുമാണ് പോസ്റ്റ്.