പണ്ടൊരിക്കല്‍ നടന്‍ സിനിമ ചിത്രീകരണത്തിനായി ഗോവയിലെത്തിയപ്പോള്‍ എടുത്ത ചിത്രം

ഒരുകാലത്ത് മലയാളികളുടെ ആക്ഷന്‍ കിംഗായിരുന്നു ബാബു ആന്റണി. മോഹന്‍ലാലും മമ്മൂട്ടിയും സൂപ്പര്‍താരങ്ങളായി മാറി കഴിഞ്ഞപ്പോള്‍ അതേ കാലത്ത് തന്നെ ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യമുള്ള സിനിമകളില്‍ നായകനായി എത്തി പ്രേക്ഷകരെ അമ്പരപ്പിച്ച നടനായിരുന്നു ബാബു ആ്ന്റണി. നീട്ടി വളര്‍ത്തിയ മൂടിയും സ്റ്റൈലിഷ് വസ്ത്രങ്ങളും ഒത്ത ഉയരവും പറന്നും മറിഞ്ഞുമുള്ള കരാട്ടേ ഇടികളും ബാബു ആന്റണിയ്ക്ക് വലിയ ആരാധകകൂട്ടത്തെ തന്നെ സമ്മാനിച്ചിരുന്നു. ശത്രു എന്ന സിനിമയില്‍ ആള്‍ക്കൂട്ടത്തിലൊരാളായി നില്‍ക്കുന്ന ചെറിയൊരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു ബാബു ആന്റണി തന്റെ സിനിമ ജീവിതം തുടങ്ങുന്നത്. പിന്നീട് നിരവധി സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ നടന്‍ എത്തി. എന്നാല്‍ ഭരതന്‍ സംവിധാനം ചെയ്ത വൈശാലി എന്ന സിനിമയില്‍ ലോമപാഥന്‍ എന്ന രാജാവിന്റെ കഥാപാത്രം അവതരിപ്പിച്ചതോടെ നടന്‍ മുന്‍നിരയിലേക്ക് എത്തപ്പെട്ടു.

ബാബു ആന്റണിയുടെ മികച്ച വേഷങ്ങളിലൊന്നായിരുന്നു അങ്കരാജ്യത്തിലെ ലോമപാഥന്‍ രാജാവിന്റേത്. പിന്നീട് നിരവധി സിനിമകളില്‍ വില്ലന്‍ കഥാപാത്രമായും നടനെ പ്രേക്ഷകര്‍ കണ്ടു. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ നായകന്മാരുടെ സിനിമകളില്‍ അവര്‍ക്കൊപ്പം നില്‍ക്കുന്ന കരുത്തനായ വില്ലനായും ബാബു ആന്റണി പ്രേക്ഷകരുടെ ശ്രദ്ധ നേടി. പിന്നെയാണ് ആക്ഷന്‍ ഹീറോ ഇമേജ് നടന് സമ്മാനിച്ച സിനിമകളുണ്ടാകുന്നത്. കമ്പോളം, ദാദ, ബോക്‌സര്‍, ചന്ത തുടങ്ങി നിരവധി സിനിമകളില്‍ നായകനായി ബാബു ആന്റണി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തി. അതില്‍ ഭൂരിഭാഗം സിനിമകളും വലിയ വിജയം നേടുകയും ചെയ്തു. കേരളത്തില്‍ മാത്രമല്ല കേരളത്തിന് വെളിയിലും നടന്‍ പ്രശസ്തനായി. അക്കാലത്ത് ബാബു ആന്റണി ഗോവയില്‍ ഒരു സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് പോയപ്പോള്‍ രസകരമായ കുറച്ച് നിമിഷങ്ങളുണ്ടായി.

അന്ന് തെലുങ്കില്‍ സൂപ്പര്‍താരമായിരുന്ന ചിരഞ്ജീവിയുടെ കുടുംബവും കുട്ടികളുമൊക്കെ ഗോവയില്‍ അവധിക്കാലം ആഘോഷിക്കുവാന്‍ എത്തിയിരുന്നു. അതിലൊരു കുട്ടി ബിച്ചിലും പൂളിലുമൊക്കെ വികൃതി കാണിച്ച് നടക്കുന്നത് ബാബു ആന്റണി ശ്രദ്ധിച്ചു. നടനും ആ കൊച്ചു പയ്യന്റെ കളികളില്‍ പങ്കുചേരുകയും ചെയ്തു. ബാബു ആന്റണി മേക്ക് അപ്പൊക്കെ ഇടുന്ന സമയത്ത് ആ വികൃതി പയ്യന്‍ നടന്റെ അടുത്തൊക്കെ ചുറ്റിപറ്റി നില്‍ക്കുകയും ചെയ്തു. അത് അന്ന് അവിടെയുണ്ടായിരുന്ന ഫോട്ടോ ഗ്രാഫര്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. ചിരഞ്ജീവിയുടെ ബന്ധുവായ അല്ലു അരവിന്ദിന്റെ മകനായിരുന്നു ബാബു ആന്റണിയ്ക്ക് ഒപ്പം നിന്നിരുന്ന ആ കുട്ടി. അതെ, ഇന്ന് ലോകം മുഴുവന്‍ ആരാധകരുള്ള സാക്ഷാല്‍ അല്ലു അര്‍ജുന്‍. ആ അപൂര്‍വ്വ സംഗമത്തിന്റെ ചിത്രം ബാബു ആന്റണി തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്. അല്ലു അര്‍ജുന്റെ ആരാധകര്‍ക്ക് അത് സന്തോഷം നല്‍കുന്ന ഒരു ചിത്രമായി മാറുകയും ചെയ്തു.

ഇന്ന് പുഷ്പയില്‍ വരെ എത്തി നില്‍കുകയാണ് അല്ലു അര്‍ജുന്റെ സിനിമ യാത്രകള്‍. പുഷ്പ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയചിത്രമായി മാറി കഴിയുകയും ചെയ്തു. കേരളത്തിലും അല്ലു അര്‍ജുന് വലിയ ആരാധകരാണ് ഉള്ളത്. ബാലതാരമായി സിനിമയിലെത്തിയ നടന്‍ ഗംഗോത്രി എന്ന സിനിമയിലൂടെയാണ് നായകനായി തുടക്കം കുറിക്കുന്നത്. ആര്യ, ബണ്ണി, ഹാപ്പി, ബന്ദ്രീനാഥ്, അല്ല വൈകുണ്ഠപുരമലു തുടങ്ങി നിരവധി സിനിമകള്‍ കേരളത്തിലും വലിയ വിജയം നേടി. പുഷ്പയുടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുകയാണ് അല്ലു അര്‍ജന്‍ ആരാധകര്‍. ചിത്രീകരണം പുരോഗമിക്കുന്ന സിനിമ അടുത്ത വര്‍ഷമാണ് തിയേറ്ററുകളില്‍ എത്തുന്നത്. ഇന്ന് തെലുങ്ക് സിനിമ ഇന്‍ഡസ്ട്രിയില്‍ ഏറ്റവും തിളക്കമുള്ള താരമായി അല്ലു അര്‍ജുന്‍ മാറികഴിഞ്ഞിരിക്കുന്നു.