തെലുങ്ക് സിനിമകളിൽ നായികമാർ എത്തിയിരുന്നത് നായകന്മാർക്ക് ഒരു അലങ്കാര വസ്തു മാത്രം ആയിട്ടായിരുന്നു


ഇന്ത്യ മുഴുവൻ ആരാധകരെ സ്വന്തമാക്കിയ നടിയാണ് അനുഷ്ക ഷെട്ടി, നായികാ പ്രാധാന്യമുള്ള വേഷങ്ങൾ കൈകാര്യം ചെയ്ത് ഏറെ ജനശ്രദ്ധ നേടാൻ താരത്തിന് സാധിച്ചു, ഇന്ന് താരത്തിന്റെ ജന്മ ദിനമാണ്, ഈ ദിനത്തിൽ അനുഷ്ക്കയെ കുറിച്ച് സജിത്ത് എന്ന യുവാവ് പങ്കുവെച്ച ചില കാര്യങ്ങൾ ആണ് ഏറെ ശ്രദ്ധ നേടുന്നത്, സജിത്തിന്റെ വാക്കുകളിലൂടെ, ഇന്ത്യൻ മുഖ്യധാര കച്ചവടസിനിമകളിൽ, പ്രത്യേകിച്ച് തെലുങ്ക് സിനിമകളിൽ നായികമാർക്ക് ഒരു ബാർബി ഡോളിന്റെ റോൾ ആണ്. നായകന് അലങ്കാരമായിരിക്കാൻ ഒരാൾ. അനുഷ്കയും അങ്ങനെ തന്നെയായിരുന്നു തന്റെ കരിയർ തുടങ്ങിയത്.

എന്നാൽ അവിടെ നിന്ന് അനുഷ്ക ഷെട്ടി എന്ന നടി നേടിയെടുത്ത താരപദവി അത്ഭുതപ്പെടുത്തുന്നതാണ്. സാമാന്ത അതിനെപ്പറ്റി ഒരു ഇന്റർവ്യൂവിൽ പറയുന്നത്- ” അനുഷ്കയാണ് തങ്ങളെപ്പോലുള്ള നടിമാർക്ക് വേണ്ടി ഈ ഇൻഡസ്ട്രിയിൽ ഒരു പാത വെട്ടിയത്, ഒരു സ്ത്രീകഥാപാത്രത്തിനും സിനിമയെ മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കുമെന്നും ആ സിനിമയ്ക്കും ബോക്സ്‌ ഓഫീസിൽ പണം വാരാൻ സാധിക്കുമെന്നും അവർ തെളിയിച്ചു. അത്തരം സ്ക്രിപ്റ്റുകൾ ഉണ്ടാക്കാനും ചെയ്യാനും അത് എല്ലാവർക്കും പ്രചോദനമാകണം ” എന്നാണ്.

കുറച്ചു വർഷങ്ങൾക്ക് മുൻപ് അമല പോളിന്റെ ഒരു ഇന്റർവ്യൂവിൽ അവർ പറഞ്ഞത് ഓർക്കുന്നു – അവരുടെ സ്വപ്നം ‘അരുന്ധതി ‘ പോലൊരു സിനിമ ചെയ്യണം എന്നതായിരുന്നു. സിനിമ സ്വപ്നം കാണുന്ന പെൺകുട്ടികളെയും സിനിമയുടെ ഉള്ളിലുള്ള സഹപ്രവർത്തകരെയും പ്രചോദിപ്പിക്കാൻ അനുഷ്കയ്‌ക്ക് സാധിച്ചു.2009 ലായിരുന്നു ‘അരുന്ധതി’ റിലീസ് ആയത്. അനുഷ്ക എന്ന താരത്തിന്റെ പിറവിയിൽ, അവരുടെ കരിയറിൽ ഏറെ പ്രധാനപ്പെട്ട റോൾ ആയിരുന്നു ആ സിനിമയിലെത്. അതിലെ അനുഷ്കയുടെ പെർഫോമൻസ് അത്രമാത്രം ഗംഭീരമായിരുന്നു. മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡ് ആ സിനിമയിലൂടെ അനുഷ്ക ആദ്യമായി നേടി.

തെന്നിന്ത്യൻ സൂപ്പർ നായികയായി സ്വയം Establish ചെയ്തു തുടങ്ങിയ സമയത്താണ് ‘വേദം ‘ എന്ന സിനിമയിൽ സരോജ എന്ന യുവ വേശ്യയുടെ റോൾ ചെയ്യാൻ അനുഷ്ക തയാറായത്. ആ സിനിമയിൽ സാധാരണ അവർ കേന്ദ്രകഥാപാത്രമായി വരുന്ന സിനിമകളിൽ കാണുന്ന Larger Than Life അനുഷ്കയെയല്ല പ്രേക്ഷകർ കാണുന്നത്. അവർക്ക് രണ്ടാമത്തെ ഫിലിം ഫെയർ അവാർഡ് നേടിക്കൊടുത്ത ഈ സിനിമയിലാണ് അനുഷ്കയുടെ ഏറ്റവും മികച്ച അഭിനയ മുഹൂർത്തങ്ങൾ കാണാൻ സാധിക്കുക.

ഇതേ സിനിമയുടെ തമിഴ് പതിപ്പിലും അതേ റോൾ അനുഷ്ക തന്നെ ചെയ്തു. അനുഷ്കയെ ഏറെ പ്രശസ്തയാക്കിയ ബാഹുബലി ഒന്നാം ഭാഗത്തിന്റെ ഇന്റർവെൽ രംഗം ആരും മറക്കാൻ ഇടയില്ല. ബൽവാൾദേവന്റെ സ്വർണ്ണപ്രതിമ സ്ഥാപനസമയം. പെട്ടന്ന് ജനങ്ങൾക്കിടയിൽ “ബാഹുബലി..” എന്നത് ഒരു മുദ്രാവാക്യമായി മാറുന്നു. ഏവരും അത് ഏറ്റു വിളിക്കുമ്പോൾ ദേവസേന ബൽവാൾദേവന് നേർക്ക് നോക്കുന്ന ഒരു നോട്ടമുണ്ട്. ഏതാനം നിമിഷം കൊണ്ട് ആ രംഗത്തിന് വേണ്ടുന്ന പവർ മുഴുവൻ നൽകാൻ ആ ഒരൊറ്റ നോട്ടം കൊണ്ട് അനുഷ്കയ്‌ക്ക് കഴിയുന്നുണ്ട്. ബാഹുബലിയിൽ അനുഷ്ക സ്‌ക്രീനിൽ വരുന്ന രംഗങ്ങളിലെല്ലാം തന്നെ ആ സിനിമയെ തന്റെതു കൂടിയാക്കി മാറ്റാൻ അവർക്ക് സാധിക്കുന്നുണ്ട്.

ദേവസേന എന്ന കഥാപാത്രത്തെ സിനിമ കാണുന്ന ആരും തന്നെ മറക്കില്ല. ബാഹുബലി നേടിയ വിജയവും അതിലൂടെ പ്രേക്ഷകർക്കിടയിൽ ഉയർന്ന അനുഷ്കയുടെ താരമൂല്യവും വളരെ ബുദ്ധിപരമായി അവർ ‘ബാഗമതി’ യുടെ വിജയത്തിന് ഉപയോഗിച്ചു. അനുഷ്ക എന്ന ഒരൊറ്റ താരം തോളിലേറ്റി വിജയിപ്പിച്ച സിനിമയാണ് അതെന്ന് നിസ്സംശയം പറയാം.കൂടുതലും മലയാളി താരങ്ങൾ അഭിനയിച്ച ആ സിനിമയിൽ അനുഷ്കയാണ് കേന്ദ്രം. ഒറ്റയ്ക്ക് ഒരു സിനിമയ്‌ക്ക് തീയറ്ററിൽ വലിയ കച്ചവടവിജയം നേടിക്കൊടുക്കാൻ പോന്നവണ്ണം സ്വന്തം താരപദവി വളർത്തിയെടുക്കാൻ അനുഷ്കയ്‌ക്ക് സാധിച്ചു.സിനിമകൾക്കു വേണ്ടിയുള്ള അനുഷ്കയുടെ Dedication എടുത്തു പറയണം.

Size Zero / ഇഞ്ചി ഇടുപ്പഴകി യ്‌ക്ക് വേണ്ടി ശരീരഭാരം വർദ്ധിപ്പിച്ചതൊക്കെ അതിന് ഉദാഹരണമാണ്. On Screen ലെ അനുഷ്കയെക്കാൾ Fanbase ആണ് ഓഫ്‌ സ്ക്രീനിലെ അനുഷ്കയ്‌ക്ക്.ഒപ്പം അഭിനയിച്ച എല്ലാ നടീ നടന്മാരും ഒരേ സ്വരത്തിൽ പറയുന്ന കാര്യം അനുഷ്കയുടെ വളരെ simple ഉം താരജാഡയില്ലാത്തതുമായ വ്യക്തിത്വത്തെക്കുറിച്ചാണ്.ഇഞ്ചി ഇടുപ്പഴകി എന്ന സിനിമയിൽ Cameo ആയി വന്ന താരങ്ങൾ ഒക്കെ അത് അനുഷ്കയുടെ സിനിമ ആയത് കൊണ്ട് കൂടിയാണ് വന്നത് എന്ന് തോന്നിയിട്ടുണ്ട്.ഗൗതം മേനോനുമായുള്ള ‘Uriyadal & Stuff’ എന്ന ഇന്റർവ്യൂ കാണുമ്പോൾ അനുഷ്കയുടെ വളരെ രസകരമായ ഫിലോസഫിക്കൽ ആയ കാഴ്ചപ്പാടുകൾ കേൾക്കാം.

അനുഷ്കയുടെ യഥാർത്ഥ പേര് സ്വീറ്റി എന്നാണ്. ഓഫ്‌ സ്ക്രീൻ അനുഷ്കയെ ആരാധകരും അവരുടെ യഥാർത്ഥ പേരായ സ്വീറ്റി എന്നാണ് വിളിക്കുന്നത്. ഒപ്പം അഭിനയിക്കുന്ന നായകനുമായി വളരെ മികച്ച ഒരു കെമിസ്ട്രിയുണ്ടാക്കാൻ അനുഷ്കയ്‌ക്ക് എളുപ്പം സാധിക്കും. സിങ്കത്തിൽ സൂര്യയുടെ നായിക ആയി വരുന്നു എന്ന വാർത്ത വന്നപ്പോൾ അവർ തമ്മിലുള്ള പൊക്കവ്യത്യാസം പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട് എന്ന് ഒരു ഇന്റർവ്യൂവിൽ അനുഷ്ക പറയുന്നു. പക്ഷേ ഓൺ സ്‌ക്രീനിൽ അവരുടെ പെയർ ഒരുപാട് ആഘോഷിക്കപ്പെടുകയും പിന്നീട് വളരെ അടുത്ത സുഹൃത്തുക്കൾ ആവുകയും ചെയ്തു.

അനുഷ്കയുടെ നായകൻ പ്രഭാസ് ആയാലും ഉണ്ണി മുകുന്ദൻ ആയാലും പ്രേക്ഷകർ ഹാപ്പി. അരുന്ധതിയിലേ ജേജമ്മ / അരുന്ധതി, വേദത്തിലെ സരോജ, ബാഹുബലിയിലെ ദേവസേന, ദൈവത്തിരുമകളിലെ വക്കീൽ,രുദ്രാമദേവിയിലെ റാണി രുദ്രാമദേവി /രുദ്രദേവൻ, ബാഗമതിയിലെ ചഞ്ചല / ബാഗമതി അങ്ങനെ കഥാപാത്രങ്ങളേ കൊണ്ട് പ്രേക്ഷകർക്ക് എന്നും അനുഷ്കയെ അടയാളപ്പെടുത്താൻ സാധിക്കും.2020 ൽ നിശബ്ദ് എന്ന സിനിമയ്‌ക്ക് ശേഷം അനുഷ്ക ഒരു ബ്രേക്ക് എടുത്തിരിക്കുകയാണ്..ഇന്ന് അനുഷ്കയുടെ പിറന്നാൾ ആണ്..ഒരു ഗംഭീരമായ തിരിച്ചു വരവ് ഉടനെ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു