വർഷങ്ങൾ കൊണ്ട് സിനിമ മേഖലയിൽ ഉണ്ടെങ്കിലും അറിയപ്പെടാൻ തുടങ്ങിയിട്ട് കുറച്ച് കാലമേ ആയിട്ടുള്ളു

കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിൽ കൂടി ശ്രദ്ധ നേടിയ താരമാണ് അംബിക റാവു. വർഷങ്ങൾ കൊണ്ട് സിനിമ മേഖലയിൽ സജീവമായ അംബിക എന്നാൽ ക്യാമറയ്ക്ക് മുന്നിൽ അങ്ങനെ പ്രത്യക്ഷപ്പെട്ടിരുന്നില്ല. ദിലീപ് ചിത്രമായ മീശമാധവനിൽ ഒക്കെ ചെറിയ വേഷങ്ങൾ അംബിക കൈകാര്യം ചെയ്തുവെങ്കിലും അതൊന്നും വേണ്ടത് പോലെ ശ്രദ്ധ നേടിയിരുന്നില്ല. എന്നാൽ ഫഹദ് ഫാസിൽ ചിത്രമായ കുമ്പളങ്ങി നൈറ്റ്സിൽ അഭിനയിച്ചതോടെ താരം കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടുകയായിരുന്നു. ചിത്രത്തിൽ ‘അമ്മ വേഷത്തിൽ ആണ് അംബിക എത്തിയത്. ആ കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടിയെങ്കിലും പിന്നീട് മറ്റു ചിത്രങ്ങളിൽ ഒന്നും അംബിക പ്രത്യക്ഷപ്പെട്ടിട്ടില്ല. സഹസംവിധായിക ആയാണ് അംബിക സിനിമയിലേക്ക് എത്തുന്നത്. അംബികയെ സഹസംവിധായികയായി കൊണ്ട് വന്നത് ബാലചന്ദ്ര മേനോനും ആയിരുന്നു. വിവാഹമോചനത്തിന് ശേഷം സിനിമയിൽ എത്തിയതിൽ പിന്നെ സിനിമ ആയിരുന്നു അംബികയുടെ ലോകം. എന്നാൽ ഇപ്പോൾ കുറച്ച് കാലങ്ങളായി അംബിക ശാരീരികമായ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.

കടുത്ത രോഗം ആണ് ഇപ്പോൾ അംബികയെ കാർന്നു തിന്നു കൊണ്ടിരിക്കുന്നത്. രണ്ടു വൃക്കകളും തകരാറിലായതിനെ തുടർന്ന് അംബിക ചികിത്സയിൽ ആയിരുന്നു. എന്നാൽ മറ്റൊരു ദുരിതവും കൂടി അധികം വൈകാതെ തന്നെ അംബികയെ തേടി എത്തുകയായിരുന്നു. കോവിഡ് കാലത്താണ് തനിക്ക് ലിവർ സിറോസിസ് പിടിപെട്ട വിവരം അംബിക അറിയുന്നത്. ഇതോടെ ചികിത്സയ്ക്ക് വേണ്ടി ഭീമമായ തുകയാണ് താരത്തിന് ചിലവാക്കുന്നത്. സാമ്പത്തിക സ്ഥിതി മോശമായതിനാൽ ചികിത്സയ്ക്ക് വേണ്ടി ബുദ്ധിമുട്ടുകയാണ് താരം ഇപ്പോൾ. സഹോദരനോടൊപ്പം ആണ് താരം ഇപ്പോൾ താമസിക്കുന്നത്. വയറ്റിൽ വെള്ളം കെട്ടി കിടക്കാൻ തുടങ്ങിയതോട് കൂടി എഴുന്നേറ്റ് നടക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ ആണ് അംബിക ഇന്ന്.

ആഴ്ചയിൽ മൂന്നു ദിവസം ഡയാലിസിസ് ചെയ്യണം എന്ന് ഡോക്ടർമാർ നിർദ്ദേശിച്ചുവെങ്കിലും സാമ്പത്തികസ്ഥിതി മോശമായതിനെ തുടർന്ന് രണ്ടു ദിവസമാണ് ഡയാലിസിസ് ചെയ്യുന്നത്. സാമ്പത്തികമായും ബുദ്ധിമുട്ട് നേരിടാൻ തുടങ്ങിയതോടെ മുന്നോട്ടുള്ള ചികിത്സയ്ക്ക് പണമില്ലാതെ വിഷമിക്കുകയാണ് താരം. സുമനസ്സുകളുടെ സഹായത്തോടെ കിട്ടുന്ന പണം കൊണ്ടാണ് ഇപ്പോൾ താരം ചികിത്സ നടത്തിക്കൊണ്ടിരിക്കുന്നത്. ഇനി മുന്നോട്ടുള്ള ചികിത്സയ്ക്ക് ഉള്ള പണം കണ്ടെത്തുന്നത് എങ്ങനെ എന്ന ആശങ്കയിൽ ആണ് താരവും കുടുംബവും ഇപ്പോൾ.