സിനിമ പ്രേമികളുടെ ഗ്രൂപ്പായ സിനി ഫൈലിൽ സുനിൽ കോലാട്ടുകൂടി ചെറിയാൻ എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പ്രേം നസീർ നായകനായി എത്തിയ അഗ്നിപുത്രി എന്ന സിനിമയെ കുറിച്ച് ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, നാട്ടിലെ ഏറ്റവും വലിയ തറവാട്ടിൽ വിപ്ളവകരമായ ഒരു കാര്യം നടന്നു. കോളേജധ്യാപകനായ ഇളയ മകൻ (നസീർ) ഒരു അഭിസാരികയെ (ഷീല) ഭാര്യയാക്കി വീട്ടിൽ കൊണ്ട് വന്നിരിക്കുന്നു.
അവളോടൊത്ത് ശയിച്ചിട്ടുള്ള തറവാട്ടിലെ മൂത്ത പുത്രൻ (മുത്തയ്യ) ഒരു കുഞ്ഞിനെ വളർത്തുപുത്രിയാണെന്നും പറഞ്ഞ് തറവാട്ടിൽ നിർത്തിയിട്ടുണ്ട്. അതയാളുടെ ജാരസന്തതിയാണെന്ന് വെളിപ്പെടാൻ അധികകാലം വന്നില്ല. ആദർശധീരനായ ഭർത്താവിന്റെ പക്ഷമെന്തെന്നാൽ, ചീത്തയായ ഒരു ഭൂതകാലം ചീത്തയായ വർത്തമാനകാലത്തെയോ ഭാവിയെയോ ഉണ്ടാക്കുന്നില്ല. ഭർത്താവിന്റെ ബന്ധുവായ യുവാവിനും പണ്ട് ‘അവളു’മായി കമ്പനിയുണ്ടായിരുന്നു.
‘അതേക്കുറിച്ച് നിനക്ക് എന്നോട് പറയാതിരിക്കാമായിരുന്നു’ എന്നാണ് ഭർത്താവ് പറഞ്ഞത്. പറഞ്ഞിട്ടെന്താ, തറവാടിന്റെ മാനം രക്ഷിക്കാൻ അഭയം തന്ന വീട് വിട്ടിറങ്ങിയ ‘ചീത്ത സ്ത്രീ’യെ മകൾ അമ്മേ എന്ന് വിളിച്ചതും ഹൃദയസ്‌തംഭനം വന്ന് അവൾ മരിക്കുകയാണ്. കണ്ണു തുറക്കാത്ത ദൈവങ്ങളോട് കലഹിച്ച ‘അഗ്നിപുത്രി’ക്ക് 56 വയസ്സ്. നാടക സ്റ്റേജിൽ നിന്ന് നേരെ സിൽവർ സ്‌ക്രീനിൽ എത്തുകയെന്നതായിരുന്നു ‘അഗ്നിപുത്രി’യുടെ യോഗം.
എസ് എൽ പുരം സദാനന്ദന്റെ അതേ പേരിലുള്ള നാടകമാണ് പ്രേനസീറിന്റെ സഹോദരൻ പ്രേം നവാസ് നിർമ്മിച്ചത്. സംവിധാനം എം കൃഷ്ണൻനായർ. ആറ്റിങ്ങൽ ദേശാഭിമാനി തീയറ്റേഴ്‌സ് 1950 കളിൽ അവതരിപ്പിച്ച നാടകമാണ് അഗ്നിപുത്രി. വേശ്യകളുടെ പുനരധിവാസം എന്ന വിഷയം തന്നെ സ്ഫോടനാത്മകമായിരുന്നു അന്ന്. ചലച്ചിത്രമായപ്പോൾ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാർഡ് എസ് എൽ പുരത്തിന് കിട്ടി.
എ ഭാസ്‌ക്കർ റാവു എഴുതിയ ഹിന്ദി ചിത്രം ആദ്‌മിയും ഇതേ വിഷയമാണ് ചർച്ച ചെയ്‌തത്. വയലാർ-ബാബുരാജ് ടീമിന്റെ 6 ഗാനങ്ങളിൽ കണ്ണുതുറക്കാത്ത ദൈവങ്ങളേ അനശ്വരമായി. ജയചന്ദ്രന്റെ എക്കാലത്തെയും മികച്ച ഗാനങ്ങളിലൊന്നായ ഇനിയും പുഴയൊഴുകും, സുശീല പാടിയ അഗ്നിനക്ഷത്രമേ തുടങ്ങിയ ഗാനങ്ങളാലും സമ്പന്നമായി അഗ്നിപുത്രി എന്നുമാണ് പോസ്റ്റിൽ പറയുന്നത്.