പരസ്യ വെളിപ്പെടുത്തലുമായി നടി, പിന്തുണയുമായി മലയാള സിനിമ ലോകവും

മലയാള സിനിമയിൽ കഴിഞ്ഞ അഞ്ചു വര്ഷങ്ങളായി ചർച്ച ചെയ്യപ്പെടുന്ന വിഷയം ആണ് നടി ആക്രമിക്കപ്പെട്ട സംഭവം. മലയാള സിനിമയെ തന്നെ പിടിച്ച് കുലുക്കിയ സംഭവം ആയിരുന്നു ഇത്. വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിച്ചിട്ടില്ല എന്നത് തന്നെ ആണ് ഇതിലെ പ്രധാന കാര്യം. പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നെങ്കിലും ആര് പറഞ്ഞിട്ടാണ് ഇത്തരത്തിൽ ഒരു ആക്രമണം നടിയോട് നടത്തിയത് എന്ന് ഇത് വരെ തെളിയിക്കാൻ നിയമത്തിനു കഴിഞ്ഞിട്ടില്ല. എന്നാൽ കേസുമായി ബന്ധപ്പെട്ട വാദം കോടതിയിൽ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. സംഭവത്തിന്റെ തുടക്കത്തിൽ തന്നെ നിരവധി താരങ്ങൾ ആണ് നടിക്ക് പിന്തുണയുമായി എത്തിയത്. അന്ന് നടിയുടെ ഭാഗം പറഞ്ഞ പലരും എന്നാൽ ഇന്ന് കോടതിയിൽ കൂറ് മാറിയതും വലിയ വാർത്തആയിരുന്നു. മലയാള സിനിമയിലെ ഒരു സൂപ്പർസ്റ്റാർ തന്നെ പ്രതിസ്ഥാനത്ത് സംശയാതീതമായി നിൽക്കുന്ന ഈ വിഷയത്തിൽ മലയാള സിനിമയിലെ സൂപ്പർസ്റ്റാറുകൾ ആയ മമ്മൂട്ടിയും മോഹൻലാലും അടക്കം ഉള്ളവർ ഇത് വരെ തങ്ങളുടെ പ്രതികരണം അറിയിച്ചിട്ടില്ലായിരുന്നു. എന്നാൽ നടി പരസ്യമായി തന്റെ അനുഭവങ്ങൾ തുറന്നു പറഞ്ഞതോടെ താരത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് മലയാള സിനിമ ലോകത്തിലെ പൂരി ഭാഗം പേരും.

താരം സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ, ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര. അഞ്ചു വര്‍ഷമായി എന്റെ പേരും വ്യക്തിത്വവും, എനിക്ക് സംഭവിച്ച അതിക്രമത്തിനടിയില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് ഞാന്‍ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശ്ശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍, അപ്പോളൊക്കെയും ചിലരൊക്കെ നിശ്ശബ്ദത ഭേദിച്ച് മുന്നോട്ട് വന്നു. എനിക്ക് വേണ്ടി സംസാരിക്കാന്‍, എന്റെ ശബ്ദം നിലയ്ക്കാതിരിക്കാന്‍.ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു. നീതി പുലരാനും, തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടാനും, ഇങ്ങനെയൊരനുഭവം മറ്റാര്‍ക്കും ഉണ്ടാവാതെയിരിക്കാനും ഞാന്‍ ഈ യാത്ര തുടര്‍ന്നു കൊണ്ടേയിരിക്കും. കൂടെ നില്‍ക്കുന്ന എല്ലാവരുടെയും സ്നേഹത്തിനു ഹൃദയം നിറഞ്ഞ നന്ദിഎന്നുമാണ്.

മമ്മൂട്ടി, മോഹൻലാൽ, ബാബുരാജ്, മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന്‍, സംയുക്ത മേനോന്‍, സയനോര, ഐശ്വര്യ ലക്ഷ്മി, അന്ന ബെന്‍, നിമിഷ സജയന്‍, ഇന്ദ്രജിത്, പൂർണിമ തുടങ്ങി മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും നടിക്ക് തങ്ങളുടെ പിന്തുണ അറിയിച്ച് കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ. നീ ഒരിക്കലും ഒറ്റയ്ക്കല്ല എന്നും നടിയോട് ഇവർ പറയുന്നു.